ഭോപാൽ: മദ്ധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ഗുമസ്തന്റെ വസതിയിൽ സി.ബി.ഐ നടത്തിയ റെയ്ഡിൽ മൂന്നു കോടിയോളം രൂപയും ആഭരണങ്ങളും പിടിച്ചെടുത്തു. നോട്ടെണ്ണുന്ന മെഷീനും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. കെെക്കൂലി കേസിൽ നാല് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) ഉദ്യോഗസ്ഥരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എഫ്.സി.ഐ ഗുമസ്തൻ കിഷോർ മീണയുടെ വീട്ടിൽ നിന്നും എട്ട് കിലോ സ്വർണവും 2.17 കോടി രൂപയുമാണ് പിടിച്ചെടുത്തത്. പണത്തിന്റെ വലിയൊരു ശതമാനവും തടി അലമാരയ്ക്കുളളിലെ സേഫിലായിരുന്നു സൂക്ഷിച്ചിരുന്നത്. കെെക്കൂലിക്കായി എഫ്.സി.ഐ ഉദ്യോഗസ്ഥർ ബില്ലുകളിൽ അനാവശ്യ കിഴിവുകൾ നൽകുന്നുണ്ടെന്നാരോപിച്ച് ഗുരുഗ്രാം ആസ്ഥാനപമായ സുരക്ഷാ കമ്പനി സി.ബി.ഐക്ക് പരാതി നൽകിയിരുന്നു.
കണ്ടെത്തിയ പണം പല ബണ്ടിലുകളായാണ് സൂക്ഷിച്ചിരുന്നത്. ചില ബണ്ടിലുകളിൽ കക്ഷികളുടെ പേരുകൾ, തീയതികൾ, തുകകൾ എന്നിവ അടയാളപ്പെടുത്തിയിരുന്നു. പണം വാങ്ങിയ തീയതിയും, വ്യക്തികളുടെ പേരുകളും തുകയും രേഖപ്പെടുത്തിയ ഒരു ഡയറിയും നോട്ടെണ്ണുന്ന മെഷീനും കണ്ടെത്തിയതായി സി.ബി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.