ന്യൂഡൽഹി: വെല്ലുവിളി എത്ര വലുതായാലും നേരിടാൻ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനേയും ചുഴലിക്കാറ്റിനേയും രാജ്യം ധീരമായി നേരിട്ടു. പ്രകൃതി ദുരന്തങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തിയ പോരാളികളെ അഭിവാദനം ചെയ്യുന്നു. മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ചുഴലിക്കാറ്റിൽ നഷ്‌ടം സംഭവിച്ചവരുടെ വേദനയിൽ പങ്കുചേരുന്നു. ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. രാജ്യം സർവശക്തിയും ഉപയോഗിച്ച് വെല്ലുവിളികൾക്കെതിരെ പോരാടും. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്‌ക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഓക്‌സിജൻ എക്‌സ്പ്രസ് ഓടിച്ചവരെ അഭിവാദ്യം ചെയ്യുകയാണ്. പത്ത് ദിവസത്തിനിടെ രാജ്യം രണ്ട് ചുഴലിക്കാറ്റാണ് നേരിട്ടത്. സായുധസേനയുടെ സേവനം അതുല്യമാണ്. ചുഴലിക്കാറ്റിൽ നാശനഷ്‌ടം സംഭവിച്ചവരുടെ വേദനയിൽ പങ്കുചേരുകയാണെന്നും മോദി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഓക്‌സിജൻ ക്ഷാമം ആയിരുന്നു. എങ്കിലും അതിനേയും രാജ്യം കൂട്ടായ ശക്തിയോടെ നേരിട്ടു. ഓക്‌സിജൻ ക്ഷാമം പരിഹരിച്ചതോടെ നിരവധി പേരുടെ ജീവനാണ് രക്ഷിക്കാനായത്. ലിക്വിഡ് ഓക്‌സിജന്‍റെ ഉത്പാദനം വർദ്ധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷകണക്കിന് ആളുകളാണ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നതെന്നും ഓക്‌സിജന്‍റെ ഉത്പാദനം പത്ത് മടങ്ങ് വർദ്ധിപ്പിച്ചതായുമാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നുണ്ടെന്നും പരിശോധനകളുടെ എണ്ണം വർദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി.