rape-victim

കോഴിക്കോട്: ബംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശി സ്വദേശിനിയെ കര്‍ണാടക പൊലീസ് സംഘം കോഴിക്കോട് നിന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. യുവതിയെ സംഘം ചേർന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ ആറുപേർ പടിയിലായി. അറസ്റ്റിലായവരും ബം​ഗ്ലാദേശ് സ്വദേശികളാണ്. ഇവര്‍ നിയമവിരുദ്ധമായാണ് ബെംഗളുരുവില്‍ താമസിച്ചിരുന്നത്. പീഡനത്തിനിരയായ യുവതിയും ബം​ഗ്ലാദേശ് പൗരത്വമുള‌ളയാളാണ്. യുവതിയെ ഇവിടെയെത്തിച്ചത് മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് യുവതിയെ ക്രൂരമായി പീഡിപ്പിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ പീഡനദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. അസാമിൽ പീ‌ഡന വീഡിയോ വൈറലായതോടെ കേസ് ബംഗളൂരു പൊലീസിന്റെ പക്കൽ എത്തുകയായിരുന്നു.

മുഹമ്മദ് ബാബു ഷെയ്ഖ് (30), റിഡോയ് ബാബു (25), സദര്‍ (23), ഹക്കീല്‍ (23), നസ്രത്ത്, കാജല്‍ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇക്കൂട്ടത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പ്രതികളെ പൊലീസ് കാലിൽ വെടിവച്ച് വീഴ്ത്തി. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ റിഡോയ് ബാബു, സദര്‍ എന്നിവര്‍ ബംഗളൂരു ബ്രൗറിങ് ആശുപത്രിയില്‍ ചികിത്സിയിലാണ്. ബംഗളൂരുവിലെ രാമമൂര്‍ത്തിനഗറില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.