സെയ്‌ന്‍റ് ജോണ്‍സ്: ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൊമിനിക്കന്‍ പോലീസിന്‍റെ പിടിയിലായ മെഹുല്‍ ചോക്‌സിയുടെ പൊലിസ് കസ്റ്റഡിയിലുള്ള ചിത്രം പുറത്ത്. ശരീര ഭാരം മുമ്പത്തെക്കാൾ മെലിഞ്ഞ മെഹുലിനെ വളരെ ക്ഷീണിതനായാണ് ചിത്രത്തിൽ കാണുന്നത്. മീശയിൽ നരവീണ അദ്ദേഹത്തിന്‍റെ മുഖത്തെ വിഷമവും ചിത്രത്തിൽ നിന്ന് വ്യക്തമാണ്.
മെഹുൽ ചോക്‌സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്‌ച വരെ നീട്ടിയതിനിടയിലാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. ചോക്‌സിയ്ക്ക് മെഡിക്കല്‍, കൊവിഡ് പരിശോധനകള്‍ നടത്താൻ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് പരിശോധനയില്‍ ചോക്‌സി നെഗറ്റീവാണെന്ന് കണ്ടെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്‌സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ചോക്‌സിയെ വിട്ടുകിട്ടുന്നതിന് ഇന്ത്യയ്‌ക്ക് തടയസമാകും.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തു വരുന്നതിന് മുമ്പാണ് ചോക്‌സി ആന്‍റിഗ്വയിലേക്ക് കടന്നത്. ചോക്‌സിയുടെ ആന്‍റിഗ്വന്‍ പൗരത്വം റദ്ദാക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചോക്‌സി ക്യൂബയിലേക്ക് കടക്കാന്‍ശ്രമിച്ചതെന്നാണ് നിഗമനം.
ചോക്‌സിയെ ആന്‍റിഗ്വയിലേക്ക് തിരികെയെത്തിക്കാന്‍ സമ്മതമല്ലെന്ന് പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ പറഞ്ഞിരുന്നു. ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്ന കാര്യത്തില്‍ ഡൊമിനിക്കയും ഇന്ത്യയുമായി ആന്‍റിഗ്വ ചര്‍ച്ച നടത്തിയിരുന്നു.