ന്യൂഡൽഹി: കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാൻ ഗ്രൂപ്പുകളുടെ സമ്മർദ്ദം. കെ സുധാകരനെ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിച്ചു. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുമ്പിലും ഗ്രൂപ്പുകൾ ഇക്കാര്യം വ്യക്തമാക്കി.
കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്‍റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. പലതവണ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചശേഷം തഴഞ്ഞ തന്നെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാഹുൽഗാന്ധിയും സോണിയഗാന്ധിക്കും കത്തയച്ചിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷിനെ മുന്നിൽനിർത്തി സുധാകരന്‍റെ വരവ് തടയുകയെന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം. സുധാകരന്‍റെ തീവ്രനിലപാടുകൾ പാർട്ടിയുമായി യോജിച്ച് പോകില്ലെന്നും കണ്ണൂരിൽ പോലും സംഘടനയെ കെട്ടിപടുക്കാൻ സുധാകരന് കഴിഞ്ഞിട്ടില്ലെന്നുമാണ് അദ്ദഹത്തെ എതിർക്കുന്നവർ വാദിക്കുന്നത്. സുധാകരന് എഴുപത് വയസ് പിന്നിട്ടെന്നും ഇവർ പറയുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പുകളുടെ വാക്കുകേൾക്കാതെ തീരുമാനമെടുത്ത ഹൈക്കമാൻഡ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളെ പാടെ തഴഞ്ഞ് സുധാകരന് വഴിയൊരുക്കുമോയെന്ന് കണ്ടറിയേണ്ടതാണ്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നത്. ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. സുധാകരനിലും കൊടിക്കുന്നിൽ സുരേഷിലും തട്ടി തർക്കം മൂത്താൽ ചില അപ്രതീക്ഷിത പേരുകൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നേക്കാം.