narendra-modi

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി (അനുച്ഛേദം 370) അസാധുവാക്കിയ നടപടിയാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സർവേ ഫലം. എ.ബി.പി-സി വോട്ടർ മോദി 2.0 റിപ്പോർട്ട് കാർഡിലാണ് ഈ വിവരം ഉളളത്. 543 ലോക്ക്സഭാ മണ്ഡലങ്ങളിൽ നിന്നായി ശേഖരിച്ച 1.39 ലക്ഷം സാമ്പിളുകളെ അടിസ്ഥാനമാക്കിയാണ് സർവേ ഫലം തയ്യാറാക്കിയിരിക്കുന്നത്.

എ.ബി.പി-സി വോട്ടർ സ‌ർവേ പ്രകാരം 47.4 ശതമാനം പേർ അനുച്ഛേദം 370 റദ്ദാക്കിയത് നേട്ടമാണെന്ന് അഭിപ്രായപ്പെട്ടു. പ്രത്യേക പദവി റദ്ദാക്കിയത് ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിലേക്ക് നയിച്ചതായി 51 ശതമാനം പേരും കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടതായി 59.3 ശതമാനം പേരും പറയുന്നു. അതേസമയം 23.7 ശതമാനം പേർ രാമ ക്ഷേത്രത്തെക്കുറിച്ചുളള സുപ്രീംകോടതി തീരുമാനം ഏറ്റവും വലിയ നേട്ടമാണെന്ന് അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണുകളിൽ വോട്ടർമാർ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി. 68.4 ശതമാനം പേർ കഴിഞ്ഞ വർഷം രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം ഈ വർഷം രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്താത്തത് മോദി സർക്കാരിന്റെ ശരിയായ തീരുമാനമാണെന്ന് 53.4 ശതമാനം പേർ പറയുന്നു.

സർവേയിൽ 41.8 ശതമാനം പേർ സെൻട്രൽ വിസ്ത പദ്ധതി ആരംഭിച്ചതിനെയും കൊവിഡ് കാലത്ത് തുടരുന്നതിനെയും പിന്തുണച്ചു. വാക്സിനേഷൻ കൈകാര്യം ചെയ്യുന്നതിൽ സമ്മിശ്ര അഭിപ്രായമാണ് സർവേയിൽ ലഭിച്ചത്. 44.9 ശതമാനം പേർ സർക്കാർ രാജ്യത്ത് വാക്സിൻ മാനേജ്മെന്റ് ഉചിതമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ 43.9 ശതമാനം പേർ വിപരീത അഭിപ്രായം രേഖപ്പെടുത്തി.

കൊവിഡ് വാക്സിനുകൾ കയറ്റുമതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിന് വിശാലമായ പിന്തുണയാണ് ലഭിച്ചത്. 47.9 ശതമാനം പേർ വാക്സിനുകൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ വിദേശനയത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മോദിയുടെ ഭരണകാലത്ത് ലോകത്തെ വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടുവെന്ന് 62.3 ശതമാനം പേർ പറയുന്നു.

അതേസമയം കർഷക സമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സർവേയിൽ പങ്കെടുത്ത 41.9 ശതമാനം പേരും കെെക്കൊണ്ടത്. വിവാദമായ മൂന്ന് പുതിയ കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. 2021 ജനുവരി ഒന്നിനും മേയ് 28നും ഇടയിൽ സർവേയ്ക്കായി നടത്തിയ ഫീൽഡ് വർക്കിനെ അടിസ്ഥാനമാക്കിയാണ് ഈ ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.