തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം അറിയിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയംലക്ഷദ്വീപ് അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ പരിഷ്ക്കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാർഢ്യം പ്രഖ്യാപിക്കും. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.
ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കിൽ അതാകും നാളെത്തെ ആദ്യനടപടി. അതിനു ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തരപ്രമേയം ഇല്ലെങ്കിൽ ലക്ഷദ്വീപ് പ്രമേയത്തോടെ സഭാനടപടി തുടങ്ങും.
ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം എന്ന നിലയിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയാണ് സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്തു നൽകിയത്.