dhanush

നായകനായി അഭിനയിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിൽ ധനുഷ് ഗായകനായും ഗാനരചയിതാവായും എത്തുന്നു. സന്തോഷ് നാരായണനാണ് സംഗീതം.പുതുക്കോട്ടെയിലിരുന്ന് ശരവണൻ എന്ന ചിത്രത്തിലാണ് ധനുഷ് ആദ്യമായി ഗാനം ആലപിക്കുന്നത്. പുതുപേട്ടെ, ആയിരത്തിൽ ഒരുവൻ, മയക്കം എന്നാ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. വൈ ദിസ് കൊലവറി എന്ന ഗാനം സമൂഹമാദ്ധ്യമത്തിൽ തരംഗം തീർത്തു.

ഗ്യാങ് സ്റ്റർ ചിത്രമായി ഒരുക്കുന്ന ജഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. ജോജു ജോർജും ഐശ്വര്യലക്ഷ്മിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രജനീകാന്ത് നായകനായ പേട്ടയ്ക്കുശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ്. ശ്രീകാന്താണ് നിർമ്മാണം. ഹോളിവുഡ് നടൻ ജെയിംസ് കോസ്‌മോ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂൺ 18ന് നെറ്റ്‌ഫ്‌ളിക്‌സിലൂടെ പ്രദർശനത്തിനെത്തും. കഴിഞ്ഞവർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടതായിരുന്നു ജഗമേ തന്തിരം.