ff

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നസിയിലെ തടാകത്തില്‍ ചെറു ജെറ്റ് വിമാനം തകര്‍ന്ന് വീണ് വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി സൂചന. ശനിയാഴ്ചയാണ് നിയന്ത്രണം വിട്ട് ജെറ്റ് വിമാനം തടാകത്തില്‍ പതിച്ചത്. ഏഴ് യാത്രക്കാരില്‍ ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേ സമയം യാത്രക്കാരെല്ലാവരും മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് വിമാനം യാത്ര തിരിച്ചതെന്ന് വ്യോമയാന അധികൃതർ അറിയിച്ചു.

രക്ഷാദൗത്യം രാത്രി വൈകിയും തുടരുന്നതായും വിമാനത്തിലെ യാത്രക്കാരെ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ അസ്തമിച്ചതായി തന്നെ കരുതാമെന്നും റൂഥര്‍ഫോര്‍ഡ് കൗണ്ടി രക്ഷാസേന ക്യാപ്റ്റന്‍ ജോഷ്വ സാന്‍ഡേഴ്‌സ് പ്രതികരിച്ചു. യാത്രക്കാരുടെ പേരുവിവരങ്ങൾ പുറത്തു വിടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. വിമാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അറിവായിട്ടില്ല.

റെംനന്റ് ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സ്ഥാപക ഷാബ്‌ളിന്‍ ലാറയുടേയും ഭര്‍ത്താവ് വില്യം ജെ ലാറയുടേയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകൾ പുറത്തു വരുന്നുണ്ട്.