chelsea-vinay

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട ചെൽസി ടീമിന്റെ വെൽനസ് കൺസൽട്ടന്റ് ഒരു മലയാളിയാണ്, എറണാകുളം ചെറായി സ്വദേശി വിനയ് പി മേനോൻ. യോഗാചാര്യനായിരുന്ന എറണാകുളം ചെറായി വീട്ടിൽ ശ്രീധര മേനോന്റെ പേരക്കുട്ടിയായ വിനയിന് ചെൽസിയിലേക്കുള്ള വഴിതുറന്നതും യോഗയാണ്.

സ്കൂൾ തലത്തിൽ ജൂഡോ താരമായിരുന്ന വിനയ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നു ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം നേടിയ ശേഷം സ്പോർട്സ് സൈക്കോളജിയിൽ എം.ഫിൽ നേടി. പിന്നീട് പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് യോഗാ പഠനം.ഋഷികേശിൽ യോഗാ പരിശീലകനായി ജോലി തുടങ്ങി ദുബായിലെത്തി. ദുബായിൽ വച്ച് റഷ്യൻ എണ്ണക്കമ്പനി മുതലാളിയും ചെൽസിയുടെ ഉടമയുമായ റോമൻ അബ്രമോവിച്ചിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ യോഗ പരിശീലിപ്പിക്കുന്നതിനിടെ 2008ൽ ചെൽസി ടീമിന്റെ ഭാഗമായി. 12 സീസണുകളായി മാനസിക പരിശീലകനായി വിനയ് ചെൽസിയുടെ കൂടെയുണ്ട്. വിനയിന്റെ ഭാര്യ ഫ്ലോമ്നിയും യോഗാ പരിശീലകയും വെൽനസ് വിദഗ്ധയുമാണ്. മകൻ: അഭയ് മേനോൻ.