'ചിൽ സാറ ചിൽ". മഹേഷിന്റെ പ്രതികാരം സിനിമയിൽ ഭർത്താവിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ച സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമായ പ്രസാദിനെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. അധികം സിനിമകളിലൊന്നും ഉണ്ണിമായയെ കണ്ടിട്ടില്ല. അഞ്ചു സുന്ദരികൾ, വൈറസ്, പറവ, മായാനദി, തൊണ്ടിമുതലും ദൃക്സാക്ഷിയും, ഹലാൽ ലവ് സ്റ്റോറി തുടങ്ങി ഒരുപിടി ചിത്രങ്ങൾ.വേഷങ്ങൾ മിക്കവയും ചെറുത്. അഞ്ചാം പാതിരയിലാണ് ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നത്. എല്ലാ കഥാപാത്രങ്ങളിലും തന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ഉണ്ണിമായ സഹസംവിധായിക, നിർമാതാവ് എന്നിങ്ങനെ പല കുപ്പായങ്ങൾ അണിയുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയായ ഉണ്ണിമായ 'ജോജി "സിനിമയിൽ ബിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശക്തമായ പകർന്നാട്ടം നടത്തി. ഉണ്ണിമായയുടെ കഥാപാത്രങ്ങളെ മനസിലേറ്റുന്ന പ്രേക്ഷകർ ഇപ്പോൾ ബിൻസിയോടൊപ്പം സഞ്ചരിക്കുന്നു.
എങ്ങനെയാണ് മികച്ച സിനിമകളുടെ ഭാഗമാകാൻ എപ്പോഴും കഴിയുന്നത് ?
സഹസംവിധായികയായി ജോലി ചെയ്യുന്നത് നല്ല ഒരു ടീമിനൊപ്പമാണ്. അവരുടെ സിനിമകളാണ് ചെയ്യുന്നത്. അവിടെ നിന്ന് മാത്രമാണ് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. പുറത്തുനിന്ന് ലഭിച്ചിട്ടില്ല. മികച്ച ടീമിനൊപ്പം പ്രവർത്തിക്കുന്നതിനാൽ നല്ല അവസരങ്ങൾ വന്നുചേരുന്നു. ടീമിലുള്ള എല്ലാവരും മികച്ച ആളുകളായത് അംഗീകാരമായാണ് കരുതുന്നത്. മഹേഷിന്റെ പ്രതികാരത്തിലും മായാനദിയിലും പറവയിലും ചെറിയ കഥാപാത്രങ്ങളാണ്. എന്നാൽ സിനിമ വിജയിക്കുമ്പോൾ അതിൽ ചെറിയ സംഭാവന ചെയ്താൽ പോലും ശ്രദ്ധിക്കപ്പെടും. ഇക്കാര്യത്തിൽ കഥാപാത്രം ചെറുതോ, വലുതോയെന്നില്ല. ഒരു നല്ല സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നതെല്ലാം പ്രേക്ഷകർ മറക്കാതെ ഒാർക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. പ്രേക്ഷകർ തരുന്ന അംഗീകാരമാണ്. അത് സന്തോഷം തരുന്നു.
'അഞ്ചാംപാതിര"യിൽനിന്ന് ജോജിയിലേക്ക് ഒരു വർഷത്തിലധികം ദൂരമുണ്ട്?
അത്രദൂരമുണ്ടെങ്കിലും വെറുതേയിരുന്നില്ല.കഴിഞ്ഞ വർഷം ജനുവരി 15നാണ് അഞ്ചാം പാതിര എത്തുന്നത്. ഫെബ്രുവരിയിൽ 'ഹലാൽ ലൗവ് സ്റ്റോറി" . ഇതിനിടെ'തങ്കം "എന്ന സിനിമയുടെ ജോലികൾ ആരംഭിക്കുകയും ചെയ്തു. മാർച്ചിൽ ലോക്ക ്ഡൗണിനെത്തുടർന്ന് പ്രീപ്രൊഡക്ഷനിൽ തങ്കം നിറുത്തിവയ്ക്കേണ്ടിവന്നു. കോയമ്പത്തൂരിൽ ലൊക്കേഷൻ വരെ നിശ്ചയിച്ചിരുന്നതാണ്.'തങ്കം"നിറുത്തിവയ്ക്കുമ്പോൾ എന്താണ് ഇനി ചെയ്യാൻ കഴിയുക എന്ന് ആലോചിച്ചു. ഇതിന് മുമ്പ് കുമ്പളങ്ങി നൈറ്റ്സ് മാത്രമേ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളൂ. മുന്നോട്ടു പോവാൻ എന്തു ചെയ്യണമെന്ന ആലോചനയിൽ രൂപപ്പെട്ടതാണ് 'ജോജി". ജൂണിൽ ജോജിയുടെ ജോലികൾ ആരംഭിച്ചു. ലോക്ക്ഡൗണിൽ പോത്തൻ കുറച്ചുനാൾ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ അകപ്പെട്ടു. ആസമയത്ത് ഞങ്ങൾ ജോജിയുടെ ജോലിയിൽ മുഴുകി. പോത്തൻ തിരിച്ചുവന്നപ്പോൾ 'ജോജി" ഒാണാവുകയും ചെയ്തു.
'ജോജി"യിൽ പുതിയ ആളുകൾക്കൊപ്പം അഭിനയം എങ്ങനെയുണ്ടായിരുന്നു?
അഭിനയത്തിൽ ഒരുപാട് അനുഭവ സമ്പത്തുള്ള ആളല്ല ഞാൻ. സഹസംവിധായികയുടെ ജോലി അഭിനയത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. പോത്തന്റെ കൂടെയും മധുവിന്റെ കൂടെയും ജോലി ചെയ്യുമ്പോൾ കാസ്റ്റിംഗിന് സ്ഥിരമായി ഗ്രൂം ചെയ്യുന്ന ആളാണ്. പതിവ് പോലെ പരിശീലനം നൽകുക, അതിനുശേഷം പെർഫോം വിലയിരുത്തുക തുടർന്ന് സംവിധായകൻ തീരുമാനം കൈക്കൊള്ളുന്നു. ഇതുതന്നെയാണ് ജോജിയിലും ചെയ്തത്.പുതിയ ആളുകൾക്ക് ഒപ്പം ഉള്ള അഭിനയം പുതിയ അനുഭവമല്ല.ജോജിയിൽ ഉണ്ടായിരുന്ന എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു.
ബിൻസിയെ കണ്ടശേഷം ശ്യാം എന്തു പറഞ്ഞു?
ശ്യാമിന് ബിൻസിയെ ഇഷ്ടപ്പെട്ടു. ബിൻസി രൂപപ്പെടുമ്പോൾ മുതൽ ഞാൻ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ- ഡയറക്ടർമാരായ അറാഫത്ത്, റോയി, പോത്തൻ, ശ്യാം,ഞാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി. ഞങ്ങൾക്ക് കോവിഡ് പ്രൈമറി കോൺടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലു ദിവസം െഎസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരർത്ഥത്തിൽഅനുഗ്രഹംചെയ്തു.ആർക്കും എവിടെയും പോവാൻ കഴിയില്ല.മറ്രൊന്നും ചെയ്യാൻ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ്പ് ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി. ഞങ്ങൾ എല്ലാവരും ശ്യാമിന് പ്രചോദനം പകർന്നു.പതിനാലുദിവസംകൊണ്ടാണ് 'ജോജി"യുടെ ആദ്യ പകുതി പൂർത്തിയാവുന്നത്. ആ സമയത്തൊന്നും ബിൻസി ഞാനായിരുന്നില്ല. ജ്യോതിർമയി തന്നെയായിരുന്നു മനസിൽ. ആദ്യ പകുതി രൂപപ്പെട്ടുകഴിഞ്ഞപ്പോൾ പോത്തൻ തീരുമാനിച്ചു. ബിൻസി ഞാൻ ചെയ്താൽ മതിയെന്ന്. അപ്പോഴാണ് ബിൻസി ഞാനാണെന്ന് അറിയുന്നത്.തുടർന്നും ജോജിയുടെ ജോലിയിൽ മുഴുകി. എന്റെ ഒപ്പം വളർന്ന ആളാണ് ബിൻസി.
ലേഡി മാക്ബത്ത് തന്നെയാണോ ബിൻസി?
പൂർണമായി ലേഡി മാക്ബത്താണ് ബിൻസിയെന്ന് പറയാൻ കഴിയില്ല. സ്വഭാവ സവിശേഷതകൾ കുറച്ചൊക്കെയുണ്ട്. മാക്ബത്ത് 'ജോജി"യെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സിനിമ സഞ്ചരിക്കുന്നത് വ്യത്യസ്ത വഴിയിലൂടെയാണ്. ബിൻസിയെ പോലെ ഒരു കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന ആളെ എനിക്ക് പരിചയമില്ല. ജോജിയിൽ വിഷം കുത്തിവയ്ക്കുന്നതിൽ ബിൻസിയുടെ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്. ജോമോന്റെ മരണം ബിൻസി ആഗ്രഹിച്ചിട്ടില്ല. ജോമോന്റെ മരണത്തിൽ ജോജിക്ക് പങ്കുണ്ടോ എന്ന് ബിൻസിക്ക് സംശയമുണ്ട്. ഉണ്ടാവരുതേയെന്ന് ബിൻസി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ജോമോന്റെ മരണത്തോടെ 'ജോജി" കൈയീന്ന് പോയി എന്ന് ബിൻസിക്ക് മനസിലാകുന്നു. ജോജിയുടെ അപ്രതീക്ഷിത പെരുമാറ്റത്തോടെ ഇത് ഇവർ തന്നെ ചെയ്തതാണെന്ന് നിസഹായമായി ബിൻസി അംഗീകരിക്കുന്നു. പലതലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രം. ഇതുവരെ അവതരിപ്പിച്ച
കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് ബിൻസി തന്നെയാണ്.
ഉള്ളിലെ അഭിനേതാവിനെ എപ്പോഴാണ് തിരിച്ചറിയുന്നത്?
കുട്ടിക്കാലം മുതൽ അഭിനയിക്കാൻ ആഗ്രഹിച്ചു. പള്ളുരുത്തി സെന്റ് അലോഷ്യസ് കോൺവെന്റ് െഎ.സി. സി സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ പങ്കെടുക്കാതെ ഒരു കലാമത്സരവും കടന്നുപോയിട്ടില്ല. നൃത്ത ഇനമായിരുന്നു കൂടുതൽ. നാടകവും മൈമും കൂടിയാട്ടവുംഅവതരിപ്പിച്ചിട്ടുണ്ട്.സ്കൂളിൽ നാടകത്തിന്റെ ഭാഗമായപ്പോൾ അഭിനയം കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. പല മേഖലയിൽ പ്രവർത്തിക്കുമ്പോഴും ഏറ്റവും ആസ്വദിച്ച് ചെയ്യുന്നത് അഭിനയം തന്നെയാണ്. അഭിനയം നേരിട്ടുള്ളതാണ്. ആളുകളിൽനിന്ന് അപ്പോൾത്തന്നെ അഭിപ്രായം അറിയാൻ സാധിക്കും. സർഗാത്മകത നേരിട്ട് പ്രകടിപ്പിക്കാം.സിനിമയുടെ സാങ്കേതിക രംഗത്ത് എന്താണ് നടക്കുന്നതെന്ന് ആരും അറിയാറില്ല. വളരെ കുറച്ച് ആളുകൾ മാത്രമേ അതേപ്പറ്റി ആലോചിക്കൂ. എന്നാൽ സ്ക്രീനിലെ പ്രകടനം അത്രമാത്രം ശക്തവും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
എന്താണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
പരിണാമം സംഭവിക്കുന്നതാണ് ജീവിതം. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളതും ചെയ്യാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളുടെ ഭാഗമാകാൻ ശ്രദ്ധിക്കുന്നു. ശ്രമിക്കുന്നു. അതിനോട് പൂർണമായി നീതി പുലർത്തുന്നു. അങ്ങനെയാണ് ജീവിതത്തിൽ ഒാരോ കാര്യവും ചെയ്യുന്നത്. ഈ സമീപനം മാറ്റമില്ലാതെ തുടരുന്നു. ഒന്നും മുൻകൂട്ടി പറയാൻ കഴിയില്ല. കൊവിഡ് വരുമെന്ന് ആരും കരുതിയതല്ലല്ലോ.
ആർക്കിടെക്ചർ ഉണ്ണിമായയുടെ ജോലി എങ്ങനെയുണ്ട് ?
ദിലീഷ് പോത്തന്റെ വീടിന്റെ ജോലിയിലാണ്. ഏഴുവർഷമായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്നു.കടവന്ത്രയിൽ സ്ഥാപനമുണ്ട്.എല്ലാം ഒരേപോലെ കൊണ്ടുപോവാൻ കഴിയുന്നു.സ്വന്തമായി ഒരു വീട് പണികഴിപ്പിക്കണമെന്ന ആലോചനയിലേക്ക് എത്തിയിട്ടില്ല. ഒരു വീട്ടിൽ എന്തൊക്കെ കാര്യങ്ങളാണ് വേണ്ടതെന്ന് ശ്യാമും ഞാനും പഠിച്ചുകൊണ്ടിരിക്കുന്നു. ചെറിയ ഇടമാണെങ്കിൽ പോലും ഞങ്ങൾ സന്തോഷത്തിൽ കഴിയും.ഇന്ന രീതിയിൽ വീട് വേണമെന്ന ധാരണയിലേക്ക് ഇതുവരെ എത്തിയില്ല.
എന്താണ് അടുത്തത് ?
'തങ്കം" ഇനി ഒന്നിൽ നിന്ന് തുടങ്ങണം. പ്രധാന ലൊക്കേഷൻ കോയമ്പത്തൂരും മുംബയ്യുമാണ്. ഇപ്പോഴത്തെ സാഹചര്യം മാറണം. അതിനാൽ എന്നു തുടങ്ങാൻ കഴിയുമെന്ന് അറിയില്ല. മറ്റ് രണ്ട് പ്രോജക്ടുകളുടെ ജോലിയും നടക്കുന്നു. നിർമ്മാണ സംരംഭമാണ്.