covishield-vaccine

ന്യൂഡല്‍ഹി:ജൂണിൽ കൊവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്സിൻ ഉത്പാദകർ ഇക്കാര്യം അറിയിച്ചത് നിലവിലെ ഉത്പാദനശേഷിയായ 6.5 കോടിയില്‍നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ദ്ധിക്കുമെന്നാണ് വാഗ്ദാനം. ഇതിനായി ജീവനക്കാര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്ന് കമ്പനി കത്തില്‍ അവകാശപ്പെടുന്നു.

മേയ് മാസത്തിലെ 6.5 കോടി ഡോസുകള്‍ എന്നതില്‍നിന്ന് ജൂണില്‍ ഒന്‍പത് മുതല്‍ പത്ത് കോടിവരെ ഡോസുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുന്നുവെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ്) പ്രകാശ് കുമാര്‍ സിംഗ് അറിയിച്ചു. വാക്‌സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ വലിയ പിന്തുണയാണ് സര്‍ക്കാരില്‍നിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.