അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം 'പൃഥ്വിരാജി'നെതിരെ പ്രതിഷേധവുമായി കർണിസേന. പൃഥ്വിരാജ് എന്ന് പേരു നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. പൃഥ്വിരാജ് എന്ന് പേരിട്ടതിലൂടെ രാജാവിനെ അപമാനിക്കുകയാണ് എന്നു പറഞ്ഞാണ് കർണിസേനയുടെ വിമർശനം.
ചിത്രത്തിൽ രാജാവിന്റെ പേര് പൂർണമായി ഉപയോഗിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. കൂടാതെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കർണിസേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കർണിസേന നേതാക്കൾ പറയുന്നു.
ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക. ഇതിന് മുൻപും അക്ഷയ് കുമാറിന്റെ ചിത്രങ്ങളുടെ പേര് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരുന്ന ചിത്രം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ചിത്രത്തിന്റെ പേര് ലക്ഷ്മി എന്നാക്കി മാറ്റിയിരുന്നു.
content details: karni sena against akshay kumar movie prithviraj.