കാസർകോട്: ആന്ധ്ര -ഒറീസ അതിർത്തിയിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കാസർകോട്ടേക്ക് കടത്തുകയായിരുന്ന 90 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 240 കിലോ കഞ്ചാവുമായി മൂന്ന് പേരെ കാസർകോട് പൊലീസ് പിടികൂടി. ബദിയടുക്ക പെർളയിലെ കർണ്ണാടക അതിർത്തി കടത്തി കാസർകോട്ട് എത്തിച്ച കഞ്ചാവ് വിദ്യാനഗർ ചെട്ടുംകുഴിയിൽ വച്ചാണ് കാസർകോട് ഡിവൈ. എസ് .പി പി. പി സദാനന്ദൻ, വിദ്യാനഗർ സി. ഐ. ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെടുത്തത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 90ലക്ഷത്തോളം വില വരും.
ടൂറിസ്റ്റ് ബസ് ഉടമയുടെ മകൻ ചെർക്കള ചേരൂർ മേനംകോട് പള്ളിക്ക് സമീപത്തെ എം .എ. മുഹമ്മദ് റയീസ് (23) ബസ് ഡ്രൈവർ ചെർക്കള ബേർക്ക സി .എം. ക്വാർട്ടേഴ്സിലെ മുഹമ്മദ് ഹനീഫ (49) പെരിയാട്ടടുക്കം ചെറമ്പ ക്വാർട്ടേഴ്സിലെ മൊയ്തീൻകുഞ്ഞി (28) എന്നിവരെ അറസ്റ്റ് ചെയ്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു കിലോ വരുന്ന 120 പാക്കറ്റുകൾ എട്ട് ചാക്കുകളിലായി നിറച്ച വിധത്തിൽ ബസിന്റെ ഡിക്കിയുടെ ഉള്ളിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. ഡിവൈ. എസ് .പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ കഞ്ചാവ് കടത്തുസംഘത്തെ ദിവസങ്ങളായി ഓരോ പോയിന്റിലും കൃത്യമായി നിരീക്ഷിച്ചു വന്ന ശേഷമാണ് പൊലീസ് സമർത്ഥമായി കെണിയൊരുക്കിയത്.
കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇവരുടെ വീടുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ ഡ്രൈവർ മുഹമ്മദ് ഹനീഫയുടെ ക്വാർട്ടേഴ്സിൽ നിന്ന് ഒളിപ്പിച്ച നിലയിൽ വടിവാളും ഇരുമ്പ് ദണ്ഡും കണ്ടെടുത്തു.
ലോക്ക് ഡൗണിന്റെ മറവിൽ സ്പെഷ്യൽ പെർമിറ്റ് സമ്പാദിച്ച സംഘം ആന്ധ്രയിലേക്ക് ടൂറിസ്റ്റ് ബസുമായി പോയി കേരളത്തിലേക്ക് ലക്ഷങ്ങളുടെ കഞ്ചാവ് കടത്തുകയായിരുന്നു.
ൽ