ffff

ബെയ്ജിംഗ് : ലോകം മുഴുവൻ വിനാശം വിതച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ലാബ് തന്നെയെന്ന് വ്യക്തമാക്കി പുതിയ പഠനറിപ്പോര്‍ട്ട്. കൊവിഡ് വൈറസ് സാർസ് കോവ് –2 വൈറസിനു സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തി. വുഹാൻ ലാബിൽ ഗെയിൻ ഓഫ് ഫംഗ്ഷൻ പ്രോജക്റ്റിൽ ജോലി ചെയ്യുന്ന ചൈനീസ് ശാസ്ത്രജ്ഞന്മാരാണ് വൈറസിന്റെ സൃഷ്ടിക്ക് പിന്നിലെന്ന് പഠനം പറയുന്നു .

സ്വാഭാവികമായി ഉണ്ടാകുന്ന വൈറസുകളെ കൂടുതൽ ശക്തിയേറിയ പകർച്ചവ്യാധികളാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഗെയിൻ ഓഫ് ഫംഗ്ഷൻ ഗവേഷണം.

ഇതിന്റെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസര്‍ ആന്‍ഗസ് ഡാൽഗ്ലെസും നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ജെര്‍ സോറെന്‍സനും വ്യക്തമാക്കി.

ചൈനീസ് ഗുഹയിലെ വവ്വാലുകളിൽ നിന്ന് കണ്ടെത്തിയ വൈറസിൽ നടത്തിയ പരീക്ഷണങ്ങളാണ് മാരകമായ കൊവിഡ് വൈറസിലേക്ക് വഴി തെളിച്ചത് . പിന്നീട് ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്നും , വർഷങ്ങൾക്ക് മുൻപ് മുതൽ കണ്ടുവരുന്നതാണെന്ന് തെളിയിക്കാനായി റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാഥമിക പഠനങ്ങൾ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞർമാരും മാധ്യമങ്ങളും ഇത് തള്ളിക്കളഞ്ഞെന്നും ഡാൽഗ്ലൈഷ്, സോറെൻസെൻ എന്നിവർ പറഞ്ഞു. ചൈന നിർണായക വിവരങ്ങൾ മറച്ചുവച്ചുവെന്നും വുഹാനിലെ ലാബുകളുടെ പ്രവർത്തനത്തെക്കുറിച്ച് ശബ്ദമുയർത്തിയവരെ ഇല്ലാതാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു.