ലക്‌നൗ: കഴിഞ്ഞ ഒരു മാസത്തിനിടെ ഉത്തർപ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 95 ശതമാനത്തിന്റെ കുറവുണ്ടായെന്നുള്ള അവകാശവാദവുമായി സംസ്ഥാന സർക്കാർ. യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1908 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നാണ് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പറയുന്നത്. മറ്റ് സംസ്ഥാനങ്ങൾ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ‘യോഗി മോഡൽ’ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സഹായിച്ചതെന്നാണ് യുപി സർക്കാർ അവകാശപ്പെടുന്നത്.
'ടെസ്റ്റ്-ട്രെയ്സ്-ട്രീറ്റ്' എന്നതാണ് 'യോഗി മോഡൽ'. തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കിനോട് താരതമ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഈ അവകാശവാദം ഉന്നയിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 19, 16.4, 16.51 എന്നിങ്ങനെയാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനമെന്നും യുപി സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
ഉദ്യോഗസ്ഥർ പുലർത്തിയ ജാഗ്രത, ധീരമായ തീരുമാനങ്ങൾ, വേഗത്തിലുള്ള നടപടികൾ എന്നിവയാണ് രോഗമുക്തി നിരക്ക് 96.4ലേക്ക് എത്താൻ കാരണമെന്നും സർക്കാർ അവകാശപ്പെടുന്നു. 0.5 ശതമാനമാണ് യുപിയിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും സർക്കാർ പറയുന്നു.
യുപി സർക്കാർ നൽകുന്ന വിവരം അനുസരിച്ചാണെങ്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരത്തിന് താഴെ പോകുന്നത്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 87 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഏപ്രിൽ 30ന് സജീവ കേസുകളുടെ എണ്ണം 3,10,783 ആയിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് രോഗം മൂലം ചികിത്സയിലിരിക്കുന്നവരുടെ എണ്ണം സർക്കാർ കണക്കുകൾ പ്രകാരം 41,214 ആണ്.
content details: yogi model a success says up govt compares it to kerala tamil nadu and maharashtra.