കൊല്ലം: വിലാപ യാത്രയ്ക്ക് കൂട്ടത്തോടെ 25 ആംബുലൻസുകൾ നിരത്തിലിറക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഒരുമിച്ച് സൈറൺ മുഴക്കി വിലാപ യാത്ര നടത്തിയ വിഷയത്തിലാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി യാത്ര നടത്തിയത്.
നിയമ ലംഘനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൊട്ടാരക്കര പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കൊട്ടാരക്കര സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ നാല് പേർ ഇന്നലെ കരീലക്കുളങ്ങരയിൽ നടന്ന അപകടത്തിൽ മരണപ്പെട്ടിരുന്നു.
ഉണ്ണിക്കുട്ടൻ്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറൺ മുഴക്കി ആംബുലൻസുകൾ റോഡിലൂടെ സഞ്ചരിച്ചത്. രോഗികൾ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറൺ മുഴക്കാൻ പാടുള്ളു എന്നാണ് നിയമം ലംഘിച്ചുകൊണ്ടാണ് ആംബുലൻസുകൾ നിരത്തിലിറങ്ങിയത്.
ഇവർ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്. 13 ആംബുലൻസ് ഡ്രൈവർമാർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. ആംബുലൻസുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
content details: case against abulance drivers who raised sirens illegally in kollam.