pinarayi-vijayan-

തിരുവനന്തപുരം: രാജ്യമെമ്പാടും ലക്ഷദ്വീപ് വിഷയത്തിൽ ചേരിതിരിഞ്ഞ് ചർച്ചകൾ മുഴുകുമ്പോൾ പ്രതിഷേധം ഔദ്യോഗിക തലത്തിലേക്ക് കൊണ്ടുവരുകയാണ് കേരള സർക്കാർ. ഇതിന്റെ മുന്നോടിയായി ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നും, ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഇന്ന് പാസ്സാക്കും.

മുഖ്യമന്ത്രിയാണ് കേരളത്തിന്റെ ആശങ്കയും നിലപാടും വ്യക്തമാക്കി കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുക. ഭരണപക്ഷത്തിന്റെ ഈ നീക്കത്തിന് മുഴുവൻ പിന്തുണയുമായി പ്രതിപക്ഷവും അണിനിരക്കുന്നതോടെ ഏകകണ്‌ഠേനയാകും നിയമസഭ പ്രമേയം പാസാക്കുക. ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ദ്വീപ് വാസികളുടെ കണ്ണിലെ കരടായ അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണം എന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടും.

അഡ്മിനിസ്‌ട്രേറ്റർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പ്രമേയത്തിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയം ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് ആരംഭിക്കും. മുൻ മന്ത്രിയും സി.പി.എം നിയമസഭാകക്ഷി വിപ്പുമായ കെ.കെ. ശൈലജയാണ് പ്രമേയം അവതരിപ്പിച്ച് ചർച്ച തുടങ്ങി വയ്ക്കുന്നത്. മൂന്ന് ദിവസമാണ് ചർച്ച. സഭയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ അംഗം നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കമിടുന്നത്. മൂന്ന് ദിവസമാണ് ചർച്ച.