adoption

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായി തുടരുന്നതിനിടയിലും സംസ്ഥാനത്ത് ദത്തെടുക്കലിൽ വർദ്ധന. 2020-21ൽ ശിശുക്ഷേമ സമിതി അടക്കമുള്ള ദത്തെടുക്കൽ കേന്ദ്രങ്ങളിൽ നിന്ന് 133 കുട്ടികളെ വിദേശീയരടക്കം ദത്തെടുത്തത്. ഇതിൽ 64 ആൺകുട്ടികളും 69 പെൺകുട്ടികളും ഉൾപ്പെടുന്നതായി സംസ്ഥാന ദത്തെടുക്കൽ റിസോഴ്സ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. 2019-20 ഇത് 124 ആയിരുന്നു.

സംസ്ഥാനത്തുള്ളവർ 120 കുട്ടികളെയാണ് ഈ വർഷം ദത്തെടുത്തത്. ആറ് ആൺകുട്ടികളെയും ഏഴ് പെൺകുട്ടികളെയും പ്രവാസികളാണ് ദത്തെടുത്തത്.

2019-20ൽ ദത്തെടുക്കപ്പെട്ട കുട്ടികളുടെ എണ്ണം 111ആണ്. അവരിൽ 52 ആൺകുട്ടികളും 59 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇവരിൽ 13 പേർക്ക് വിദേശത്താണ് അഭയം ഒരുങ്ങിയത്.

 1046 ദമ്പതിമാർ കാത്തിരിപ്പിൽ

കൊവിഡ് വ്യാപനത്തെ തുടർന്ന് ദത്തെടുക്കൽ നടപടികൾ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ഓൺലൈൻ വഴി ആക്കിയിരുന്നു. നിലവിൽ കേരളത്തിൽ 1046 ദമ്പതിമാരാണ് കേരളത്തിൽ കുഞ്ഞിനെ ദത്തെടുക്കാനായി കാത്തിരിക്കുന്നത്. ഇതിൽ 27 പേർ വിദേശ ദമ്പതിമാരാണ്. കേരളത്തിലെ കാത്തിരിപ്പ് നീളുന്നതിനാൽ തന്നെ അന്യസംസ്ഥാനങ്ങളിൽ ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്തവരും സംസ്ഥാനത്ത് ഉണ്ട്. ലോക്ക് ഡൗൺ ആയതിനാൽ ദത്തെടുക്കൽ സംബന്ധിച്ച കടലാസ് ജോലികൾ മന്ദഗതിയിലാണ് നടക്കുന്നത്. അതിനുശേഷം മാത്രമെ ഓൺലൈൻ നടപടികൾ തുടങ്ങുകയുള്ളൂ. ഇതാണ് നടപടികൾ വൈകുന്നതിന് കാരണം.

കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ സ്‌റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി കഴിഞ്ഞ വർഷം മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുറഞ്ഞ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽനിന്ന് രണ്ടര ലക്ഷം രൂപയാക്കിയതാണ് ഏറ്റവും വലിയ മാറ്റം. അപേക്ഷകരുടെ കുറഞ്ഞ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയാക്കിയിരുന്നതാണ് ഭൂരിഭാഗം പേരെയും അയോഗ്യരാക്കിയതെന്ന് കണ്ടെത്തലിനെ തുടർന്നാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. രണ്ടര ലക്ഷം രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്ത അപേക്ഷകർ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബാദ്ധ്യതാരഹിത ആസ്തി തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യമായ സോൾവൻസി ഉണ്ടെന്നുള്ള ഓഡിറ്റേഴ്സ് സ്‌റ്റേറ്റ്‌മെന്റും ഹാജരാക്കണം. നിലവിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളിൽ വരുമാന പരിധിയുടെ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ ആവശ്യമായ രേഖകൾ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസിൽ ഹാജരാക്കണം. ജില്ലാ അഡോപ്ഷൻ കമ്മിറ്റി സൂക്ഷ്മപരിശോധന നടത്തി കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സാമ്പത്തികവും വൈകാരികവുമായ കഴിവുണ്ടെന്ന് ഉറപ്പ് വരുത്തും. ജില്ലാ അഡോപ്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളിലുള്ള പരാതികൾ സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ മെമ്പർ സെക്രട്ടറിക്ക് സമർപ്പിക്കണം. നിരസിച്ച അപേക്ഷകരുടെ കൈയിൽനിന്ന് ഈടാക്കിയ അഡോപ്ഷൻ ഫീസ് അംഗീകൃത ദത്തെടുക്കൽ ഏജൻസി വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതും നിരസിച്ച അപേക്ഷകർക്ക് ഫീസ് തിരിച്ചു നൽകുകയും ചെയ്യും.