ന്യൂഡൽഹി: കൊവിഡ്-19 കൃത്രിമമായി സൃഷ്ടിക്കപ്പെട്ടു എന്നതിന് കാര്യമായ തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ) എപ്പി ഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് മുൻ ഹെഡ് സയന്റിസ്റ്റ് ഡോ. രാമൻ ആർ. ഗംഗാഖേദ്കർ. ഒരോ വർഷത്തെയും ആഗോള ഡേറ്റ പരിശോധിച്ചാൽ ബി.എസ്.എൽ-4 ലബോറട്ടറികളിൽ പോലും നൂറോളം അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ഓർക്കണം. ഇവ ഉയർന്ന അപകട സാദ്ധ്യതയുളള രോഗകാരികളെ കെെവശം വയ്ക്കുകയും, അവയെ ശരിയായ രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.
കൊവിഡ് കൃത്രിമമായി സൃഷ്ടിച്ചതാണെന്നതിനോ ലബോറട്ടറിയിൽനിന്നും പുറത്തായതാണെന്നതിനോ ഇതുവരേയും തെളിവൊന്നും ലഭിച്ചിട്ടില്ല. ഇതൊരു സൂനോട്ടിക് അണുബാധയായാണ് വന്നത് എന്നതിനും തെളിവില്ല. കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്ത് വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്നും ഗംഗാഖേദ്കർ അഭിപ്രായപ്പെട്ടു. അതേസമയം വിദേശ ഉത്പാദകരിൽ നിന്നും വാക്സിൻ വാങ്ങാൻ ഇന്ത്യ അവസരമൊരുക്കിയെന്നും തദ്ദേശീയ ഉത്പാദനം വർദ്ധിപ്പിക്കാൻ നിക്ഷേപം നടത്തിയെന്നും രാജ്യത്തെ കൊവിഡ് വാക്സിൻ ലഭ്യതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
വാക്സിൻ ഡോസുകളുടെ കുറവിന്റെ പശ്ചാത്തലത്തിൽ 45 വയസിന് മുകളിലുളളവർക്ക് കുത്തിവയ്പ്പ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിപരമായിരിക്കും. കൊവിഡിന്റെ രണ്ടാം തരംഗം കുറയുകയാണെന്നും ഗംഗാഖേദ്കർ പറഞ്ഞു. ഈ അവസരം ഉപയോഗപ്പെടുത്തണം. മൂന്നാം തരംഗത്തിൽ നേരിടുന്ന വെല്ലുവിളി കുറയ്ക്കുന്നതിന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ഇത് വളരെ വിപുലമായ രീതിയിൽ ചെയ്യാൻ കഴിയുമെങ്കിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.