മുംബയ്: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകനെ മുംബയ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുംബയ് സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്‌റ്റ്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ കുമാർ ഹെഗ്‌ഡെ വർഷങ്ങളോളം വിവാഹ വാഗ്‌ദാനം നൽകി പരാതിക്കാരിയായ യുവതിയെ വഞ്ചിക്കുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്‌തു. പിന്നീട് അമ്മയ്‌ക്ക് സുഖമില്ല എന്ന പേരിൽ 50,000 രൂപ കടം വാങ്ങിയ ശേഷം കുമാറിനെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. ഇതാണ് ഇയാൾക്കെതിരെ യുവതി പരാതിപ്പെടാൻ കാരണം.
എട്ട് വർഷമായി താനും കുമാറും തമ്മിൽ അടുപ്പത്തിലാണെന്നും വിവാഹിതരാകാതെ ലിവിംഗ് ടുഗദർ ബന്ധമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എപ്പോഴെങ്കിലും കുമാർ വിവാഹം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. ശരീരബന്ധത്തിന് തനിക്ക് താൽപര്യമില്ലാഞ്ഞിട്ടും പലപ്പോഴും കുമാർ നിർബന്ധിച്ചു. ഒടുവിൽ നാട്ടിൽ അമ്മയ്‌ക്ക് സുഖമില്ല എന്ന പേരിൽ 50,000 രൂപ വാങ്ങി നാട്ടിലേക്ക് പോയി. ഫോൺ വിളിച്ചിട്ടോ സന്ദേശങ്ങളയച്ചിട്ടോ കുമാർ പ്രതികരിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്.
മാണ്ഡ്യയിലെ ഹെഗ്ഗദഹളളിയിലെത്തിയ മുംബയ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു. വഞ്ചനയ്‌ക്കും പീഡനത്തിനുമാണ് കുമാർ ഹെഗ്‌ഡെയ്‌ക്കെതിരെ കേസെടുത്തതെന്ന് മുംബയ് പൊലീസ് അറിയിച്ചു.