തിരുവനന്തപുരം:നിയമസഭാ പ്രമേയം ചർച്ച ചെയ്യവെ ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷവും. സാംസ്‌കാരിക അധിനിവേശമാണ് പുതിയ അഡ്‌മിനിസ്‌ട്രേറ്ററിലൂടെ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ ചെയ്യുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. ലക്ഷദ്വീപിൽ മനുഷ്യരുടെ ജീവിതത്തിനുമേൽ മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതും ജനാധിപത്യ വിരുദ്ധവും സാംസ്‌കാരികമായ അധിനിവേശവുമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
ലക്ഷദ്വീപ് വിഷയത്തിലവതരിപ്പിച്ച പ്രമേയത്തോട് തന്റെ കക്ഷിയും പ്രതിപക്ഷവും തത്വത്തിൽ യോജിക്കുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും കേന്ദ്രത്തിന്റെ ഈ ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സമാധാനപ്രിയരായ ഒരു ജനതയ്‌ക്കുമേലാണ് അഡ്‌മിനിസ്‌ട്രേറ്റർ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നതെന്ന് മുസ്ളീംലീഗ് നിയമസഭാ കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ലക്ഷദ്വീപ് ഒരു പരീക്ഷണശാല പോലെയാണ്. ഇന്നലെ കാശ്‌മീർ, ഇന്ന് ലക്ഷദ്വീപ്, നാളെ അത് കേരളമാകാമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കേന്ദ്രം കാശ്‌മീരിലെ മാറ്റം കൊണ്ടുവന്നപ്പോൾ ആരും ഓർത്തില്ല. ഒറ്റവെട്ടിന് കാശ്‌മീർ വേറെ ജമ്മു വേറെ ലഡാക്ക് വേറെ. സംഘപരിവാറിന് ഇഷ്‌ടമില്ലാത്ത സ്ഥലത്തൊക്കെ അവർ ഇഷ്‌ടമുളള പരിഷ്‌കാരം കൊണ്ടുവരുമെന്നും കേരളം അവർക്ക് ഇഷ്‌ടമില്ലാത്ത സ്ഥലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികളിലൂടെ ഇന്ത്യയെന്ന മഹത്തായ ആശയത്തെയും റിപബ്ളിക് എന്ന നിലയിലെ നിലനിൽപിനാധാരമായ ഭരണഘടനയെയുമാണ് സംഘപരിവാർ വെല്ലുവിളിക്കുന്നതെന്ന് സി.പി.ഐ നിയമസഭാ കക്ഷിനേതാവ് ഇ. ചന്ദ്രശേഖരൻ പറഞ്ഞു. രാജ്യസ്‌നേഹമുളള ഒരാളും ഈ നടപടികളെ അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.