തൃശൂർ : കൊവിഡും ലോക്ഡൗണും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. തൊഴിൽ തേടി കേരളത്തിൽ എത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ടൗണുകളിൽ കൂട്ടം കൂടി നിൽക്കുന്ന ഇവരെ ദിവസ ജോലിക്കായി വിളിക്കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണിപ്പോൾ. തൊഴിൽ നഷ്ടമായതിനാൽ ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയിലും.
തദ്ദേശ സ്ഥാപനങ്ങളുടെ മേൽ നോട്ടത്തിൽ കമ്യൂണിറ്റി കിച്ചൺ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും, അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി ജില്ലാ ഭരണകൂടങ്ങൾ അറിയിപ്പ് പുറത്തിറക്കുന്നുവെങ്കിലും അതല്ല യഥാർത്ഥ അവസ്ഥ എന്ന് ചൂണ്ടിക്കാട്ടുകയാണ്
തൃശൂരിൽ നിന്നുള്ള ഈ ചിത്രം.
കേരളകൗമുദി സീനിയർ ഫോട്ടോഗ്രാഫർ റാഫി എം ദേവസിയാണ് ചിത്രം പകർത്തിയത്. ഈ ചിത്രത്തിൽ മലിനമായ ഓടയിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ നിൽക്കുന്ന ഒന്നിലധികം അന്യസംസ്ഥാന തൊഴിലാളികളെ കാണാനാവും. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യം നിറഞ്ഞ തോട്ടിൽ ഇന്ന് കണ്ട ഈ കാഴ്ച ഒരു പതിവ് ദൃശ്യമല്ലെന്ന് റാഫി പറയുന്നു.
ശുദ്ധജല മത്സ്യങ്ങൾക്ക് ജീവിക്കാനാവാത്ത അത്ര മലിനമാണ് ഈ ഓടയിൽ കെട്ടി നിൽക്കുന്നത്. കട്ടിയേറിയ തൊലിയുള്ള പള്ളാത്തി, മുഷി വർഗത്തിൽ പെട്ട മത്സ്യങ്ങൾക്ക് മാത്രമേ ഈ മലിനമായ ജലത്തിൽ അതിജീവിക്കാനാവുകയുള്ളു. കൊവിഡിനൊപ്പം ഡങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചാവ്യാധികളുണ്ടാവുമെന്ന മുന്നറിയിപ്പ് നിലനിൽക്കേയാണ് അധികാരികളുടെ കൺമുന്നിൽ ഈ കാഴ്ച.