central-vista

ന്യൂഡൽഹി: സെൻട്രൽ വിസ്തയുടെ നി‌ർമാണം തടയണമെന്നാവശ്യപ്പെട്ടുളള ഹർജി ഡൽഹി ഹെെക്കോടതി തളളി. നിർമാണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ജസ്റ്റിസുമാരായ ഡി.എൻ. പട്ടേൽ, ജ്യോതി സിം​ഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തളളിയത്.

പരാതിക്കാർ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്ന് കോടതി പറഞ്ഞു. സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനം നടത്തുന്നവർ താമസിക്കുന്നത് നിർമാണം നടക്കുന്ന സ്ഥലത്തുതന്നെയാണ്. അതിനാൽ കൊവിഡ് വ്യാപനം ഉണ്ടാകില്ല. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി, സെൻട്രൽ വിസ്ത പദ്ധതി താൽകാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി അന്യ മൽഹോത്ര, സൊഹൻ ഹാഷ്മി എന്നിവരാണ് ഹർജി സമർപ്പിച്ചത്. നിയമ പ്രക്രിയയെ പൂർണമായും ദുരുപയോ​ഗം ചെയ്യുന്നതാണ് ഈ ഹർജിയെന്നും പദ്ധതി തടസപ്പെടുത്താനുളള നീക്കമാണിതെന്നും ഈ മാസം ആദ്യം കേന്ദം കോടതിയെ അറിയിച്ചു. ഹർജി പിഴയോടെ നിരസിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.