ന്യൂഡൽഹി: ലക്ഷദ്വീപിൽ സ്‌കൂളുകളിൽ ഇറച്ചിഭക്ഷണം ഒഴിവാക്കി അക്ഷയപാത്രം പദ്ധതി നടപ്പാക്കിയത് ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്റെ എതിർപ്പ് മറികടന്ന്. കളക്‌ടർ അസ്‌കർ അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കുട്ടികൾക്കുളള ഉച്ചഭക്ഷണ പദ്ധതി ബംഗളൂരുവിലെ അക്ഷയപാത്ര എന്ന എൻ.ജി.ഒയ്‌ക്ക് നൽകണം എന്നത് മുഖ്യ അജണ്ടയാക്കി ചർച്ച ചെയ്‌തു. എന്നാൽ ഇത് ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ എതിർത്തു. ചീഫ് കൗൺസിലറടക്കം അഞ്ച് അംഗങ്ങളാണ് എതിർപ്പ് അറിയിച്ചത്.
പദ്ധതി നടപ്പാക്കാനുളള തീരുമാനം ദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദ്ദേശപ്രകാരമാണ് മീറ്റിംഗിൽ വച്ചത്. ഇക്കാര്യം യോഗ മിനുട്ട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 27നായിരുന്നു യോഗം. വർഷങ്ങളായി തുടരുന്ന ഭക്ഷണരീതി തന്നെ തുടരണമെന്നായിരുന്നു പഞ്ചായത്തിന്റെ ആവശ്യം. പക്ഷെ ഇറച്ചിവിഭവങ്ങളെല്ലാം ഒഴിവാക്കി അക്ഷയപാത്രയ്‌ക്കനുകൂലമായി പുതിയ മെനു ജില്ലാ വിദ്യാഭ്യാസ സെക്രട്ടറി കൊണ്ടുവന്നുവെന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ആരോപിക്കുന്നു.
ക്ഷാമം കാരണമാണ് ഇറച്ചി വിഭവങ്ങൾ ഒഴിവാക്കിയതെന്നായിരുന്നു കളക്‌ടറുടെ ഇതിനെക്കുറിച്ചുളള വാദം. എന്നാൽ ദ്വീപിലെ ഫാമുകളിൽ തന്നെ ആവശ്യത്തിന് കോഴിയിറച്ചി ലഭ്യമാണെന്നിരിക്കെ ഈ തീരുമാനം എടുത്തത് ബാംഗ്ളൂർ ആസ്ഥാനമായുളള എൻ.ജി.ഒയെ സഹായിക്കാനാണെന്നാണ് ജനങ്ങളുടെ വാദം.