തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്ത നടൻ മമ്മൂട്ടിക്കെതിരെ വിമർശനവുമായി എം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമർശിക്കാൻ മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ അദ്ദേഹം ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.
വിളക്ക് കെളുത്തുന്നത് മതാചാരത്തിന്റെ ഭാഗമല്ലെന്നും ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നും മമ്മൂട്ടി പണ്ട് പറഞ്ഞിരുന്നു. 2015ൽ പി.എന്‍. പണിക്കര്‍ അനുസ്മരണ ചടങ്ങിൽ മമ്മൂട്ടി വിളക്ക് കൊളുത്തിയ ശേഷം വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയെങ്കിലും മന്ത്രി തിരി കൊളുത്താൻ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മമ്മൂട്ടി ഇങ്ങനെ ഒരു പരാമർശം നടത്തിയത്. താനും ഒരു മുസ്‌ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു.