മുംബയ്: താനയിലെ ആരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കുന്നതിനായി വ്യാജ ഐഡി ഉപയോഗിച്ചു എന്ന ആരോപണം തളളി നടി മീര ചോപ്ര. 18-44 പ്രായ വിഭാഗത്തിൽപ്പെടുന്ന ഇവർ കൊവിഡ് മുന്നണിപ്പോരാളി എന്ന പേരിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് വാക്സിൻ കുത്തിവയ്പ്പെടുത്തു എന്നാണ് ആക്ഷേപം. വാക്സിൻ ഡോസുകളുടെ കുറവുമൂലം ഈ പ്രായ പരിധിയിലുളളവർക്കുളള പ്രതിരോധ കുത്തിവയ്പ്പ് മഹാരാഷ്ട്ര നിർത്തിവയ്ച്ചിരിക്കുകയാണ്.
വാക്സിൻ എടുക്കുന്നതിന്റെ ചിത്രം മീര തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും കൊവിഡ് മുന്നണിപ്പോരാളി എന്ന പേരിലുളള ഐഡി ഇവർ ഉപയോഗിച്ചതായി ആരോപണം ഉയർന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഐഡി തന്റേതല്ലെന്ന് പറഞ്ഞ നടി ആരോപണം നിഷേധിച്ചു.
മീര സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവെെസർ എന്ന് തിരിച്ചറിയിക്കുന്ന ഫോട്ടോ ഐഡി നൽകിയതായും മുൻഗണനാ വിഭാഗത്തിൽ വാക്സിനേഷൻ നടത്താൻ അനുവദിച്ചതായും ബി.ജെ.പി ആരോപിച്ചു. താനെ മുൻസിപ്പൽ കമ്മീഷ്ണർ വിപിൻ ശർമ്മ ഡെപ്യൂട്ടി മുൻസിപ്പൽ കമ്മീഷ്ണറുടെ കീഴിൽ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വാക്സിൻ രജിസ്ട്രേഷനായി എന്റെ ആധാർ കാർഡ് ആവശ്യപ്പെട്ടു. അതാണ് ഞാൻ നൽകിയ ഏക ഐഡി. നിങ്ങളുടെ ഒപ്പ് ലഭിക്കുന്നതുവരെ ഒരു ഐഡിയും സാധുവല്ല. വ്യാജ ഐ.ഡി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എങ്ങനെയാണ് ഉണ്ടാക്കിയതെന്നും എന്തിനാണ് ഉണ്ടാക്കിയതെന്നും അറിയാൻ ആഗ്രഹിക്കുന്നുവെന്നും മീര പ്രതികരിച്ചു. നടി പ്രിയങ്ക ചോപ്രയുടെ കസിനാണ് മീര ചോപ്ര. അവർ ഹിന്ദി, തമിഴ്, തെലുംഗു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
My statement on the articles that has been coming out fr my vaccine shot!! pic.twitter.com/wDE70YHsMo
— meera chopra (@MeerraChopra) May 30, 2021