ചൈന:ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന സുപ്രധാന നയംമാറ്റവുമായി ചൈന. 1970കളിലാണ് ചൈനയിൽ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് കുട്ടി നയം നടപ്പിലാക്കിയത്. ജനന നിരക്കിൽ വലിയ കുറവുണ്ടായതോടെയാണ് ചൈന പുതിയ നിയമപരിഷ്കരണം കൊണ്ടുവന്നത്.
ചൈനയിൽ 140 കോടിയോളം ജനങ്ങളാണുള്ളത്.പ്രായമേറിയ ജനവിഭാഗത്തിന്റെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് നയം മാറ്റുന്നതെന്ന് ഔദ്യോഗിക മാദ്ധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോയിലാണ് തീരുമാനമുണ്ടായത്. 1960കൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ മാസം ചൈനയിൽ രേഖപ്പെടുത്തിയത്. 2015ൽ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ 0.53 ശതമാനമാണ് ചൈനയിലെ ജനസംഖ്യ വളർച്ചാ നിരക്ക്. 2000 മുതൽ 2010 വരെയുള്ള കാലയളവിൽ ഇത് 0.57 ശതമാനമായിരുന്നു. നാല് പതിറ്റാണ്ട് കാലയളവിൽ ഒറ്റക്കുട്ടി നയവുമായി ചൈന മുന്നോട്ട് പോയിരുന്നു.