juhi

ന്യൂഡൽഹി: ഇപ്പോഴുള‌ളതിന്റെ നൂറിരട്ടി റേഡിയേഷന് കാരണമാകുമെന്നും അതുകൊണ്ട് രാജ്യത്ത് 5ജി നെ‌റ്റ്‌വർക്ക് അനുവദിക്കരുതെന്ന് ആവശ്യവുമായി നടി ജൂഹി ചാവ്‌ള കോടതിയിൽ. ഡൽഹി ഹൈക്കോടതിയിലാണ് 5ജി നെ‌റ്റ്‌വർക്ക് അപകടകരമാണെന്ന് കാണിച്ച് നടി ഹർജി നൽകിയത്.

രാജ്യത്ത് 5ജി നെ‌റ്റ്‌വർക്ക് അനുവദിക്കുന്നത് മനുഷ്യർക്കും, മൃഗങ്ങൾക്കും മറ്റ് സസ്യങ്ങൾക്കും ആപത്താണെന്നാണ് ഹർജിയിൽ നടി പറയുന്നത്. സിംഗിൾ ബെഞ്ചിൽ വന്ന ഹർജി ഡിവിഷൻ ബെഞ്ചിലേക്ക് മാ‌റ്റി. കേസിൽ ബുധനാഴ്‌ച വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

ശാസ്‌ത്ര പരീക്ഷണങ്ങളിലൂടെ 5ജി ഡി‌എൻ‌എയ്‌ക്ക് ദോഷം ചെയ്യുമെന്നും ചെടികളിലെ ഘടനയിലും മാറ്റം വരുത്തുമെന്നും മനുഷ്യരിൽ ക്യാൻസർ, ഹൃദയാഘാതം, പ്രമേഹം എന്നിവയുണ്ടാകുമെന്ന് തെളിവുണ്ടെന്നും എന്നാൽ താൻ മൊബൈൽ സാങ്കേതികവിദ്യയ്‌ക്ക് എതിരല്ലെന്നുമാണ് ജൂഹി ഹർജിയിൽ പറയുന്നത്.

5ജി സാങ്കേതികവിദ്യ പരീക്ഷണത്തിന് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് ആറ് മാസത്തേക്ക് ടെലകോം മന്ത്രാലയം അനുമതി നൽകിയത് ഈ മാസമാണ്. വൈകാതെ എം‌ടി‌എൻ‌എലും പരീക്ഷണം ആരംഭിക്കും.എന്നാൽ പരീക്ഷണത്തിന് ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുമതിയില്ല. 4ജി സാങ്കേതികവിദ്യയെക്കാൾ പത്തിരട്ടി വേഗത്തിലുള‌ള ഡൗൺലോഡ് സ്‌പീഡും മൂന്നിരട്ടി കൃത്യതയമുള‌ളതാണ് 5ജി സാങ്കേതിക വിദ്യയെന്നാണ് ടെലകോം മന്ത്രാലയം നൽകുന്ന വിവരം.