joe-lara-and-wife-died

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് നടൻ ജോ ലാറയും ഭാര്യയും എഴുത്തുകാരിയും ക്രിസ്ത്യൻ ഡയറ്റീഷ്യനുമായ ഗ്വൻ ഷാംബ്ലിൻ ലാറയുമടക്കം ഏഴുപേർ വിമാനപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ നാഷ്‌‌‌വില്ലെയിൽ പ്രാദേശിക സമയം ശനിയാഴ്ച പതിനൊന്നോടെയാണ് ബിസിനസ് ജെറ്റ് തകർന്നു വീണത്. നാഷ്‌വില്ലെയ്ക്ക് 12 മൈൽ (19 കിലോമീറ്റർ) അകലെ പെർസി പ്രീസ്റ്റ് ലേക്കിലേക്കാണ് വിമാനം തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. ടെന്നിസി വിമാനത്താവളത്തിൽ നിന്ന് ഫ്ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നതെന്ന് റുഥർഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ അറിയിച്ചു.

ഏഴു പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. തെരച്ചിലിൽ വിമാനാവശിഷ്ടങ്ങൾക്കൊപ്പം മനുഷ്യശരീരാവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് അവർ അറിയിച്ചു.

@ പ്രിയപ്പെട്ട ടാർസൻ, വിട

ജോ ലാറ എന്ന നടനെ സിനിമപ്രേമികൾ എന്നും ഓർത്തിരിക്കുന്നത് ടാർസൻ എന്ന കഥാപാത്രത്തിലൂടെയാണ്. 1988ൽ പുറത്തിറങ്ങിയ നൈറ്റ് വാഴ്സ് എന്ന ചിത്രത്തിലൂടെയാണ് ലാറ ഹോളിവുഡിൽ എത്തുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ടാർസൻ ഇൻ മാൻഹട്ടാൻ എന്ന ടെലിവിഷൻ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് ലാറ ജനലക്ഷങ്ങളുടെ പ്രിയതാരമായി മാറി. ആയോധനകലകളിൽ വിദഗ്ദ്ധനായിരുന്നു ലാറ. ഇത് കഥാപാത്രം മികവുറ്റതാക്കാൻ അദ്ദേഹത്തെ സഹായിച്ചു. ചലച്ചിത്ര മേഖലയേക്കാൾ ലാറയെ പ്രശസ്തനാക്കിയത് ടെലിവിഷനായിരുന്നു. 1996 - 97 കാലഘട്ടങ്ങളിൽ സംപ്രേക്ഷണം ചെയ്ത ടാർസൻ - ദ എപിക് അഡ്‌വെൻച്വർ എന്ന ടെലിവിഷൻ സീരിസിലൂടെ ഒരിക്കൽ കൂടി അദ്ദേഹം ടാർസനായി വേഷമിട്ടു.ലിമ - ബ്രേക്കിംഗ് ദ സൈലൻസ്, വെരി മീൻ മെൻ, സൺസെറ്റ് ഹീറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും ടെലിവിഷൻ സീരിസുകളിലും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2018ൽ പുറത്തിറങ്ങിയ സമ്മർ ഒഫ് 67 ആണ് അവസാന ചിത്രം. ലാറ മികച്ച ഒരു സംഗീതജ്ഞൻ കൂടിയാണ്. രണ്ട് തവണ വിവാഹിതനായി. ആദ്യ ഭാര്യ നടാഷ പാവ്ലോവിച്ചുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. 2018ലാണ് ഗ്വന്നിനെ വിവാഹം ചെയ്തത്.