ബ്യൂണസ് അയേഴ്സ്: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ കൊവിഡ് രൂക്ഷമായ അർജന്റീനയിൽ നിന്ന് ബ്രസീലിലേക്ക് വേദി മാറ്റി സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ. അർജന്റീനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം വേദിയാവാൻ കഴിയില്ലെന്ന് അറിയിച്ചത്. ഈമാസം 13 മുതൽ ജൂലൈ 10 വരെയാണ് പത്ത് രാജ്യങ്ങൾ പങ്കെടുക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ്. വേദി മാറിയെങ്കിലും മത്സരക്രമത്തിന് മാറ്റമില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
അർജന്റീനയും കൊളംബിയയും സംയുക്തമായാണ് ടൂർണമെന്റിന് വേദിയാകാനിരുന്നത്. എന്നാൽ ആഭ്യന്തര കലാപത്തെ തുടർന്ന് കൊളംബിയ വേദിയാകുന്നതിൽ നിന്ന് കഴിഞ്ഞയാഴ്ച പിന്മാറിയിരുന്നു. അതിന് പിന്നാലെയായിരുന്നു അർജന്റീനയുടെ പിന്മാറ്റം. ഇതോടെ ഈ മാസം 13-ന് തുടങ്ങേണ്ട ടൂർണമെന്റ് പ്രതിസന്ധിയിലായിരുന്നു.തുടർന്ന് തിരക്കിട്ട ചർച്ചകൾ നടത്തിയാണ് ബ്രസീലിന് ആതിഥേയത്വം അനുവദിച്ചത്. ഏതൊക്കെ നഗരങ്ങളിൽ മത്സരം നടത്താനാകുമെന്ന് ഉടൻ തീരുമാനിക്കും.
.