കണ്ണൂർ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന പ്രമേയം കേരള നിയമസഭയിൽ അവതരിപ്പിച്ച സർക്കാർ നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. സഭയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. അപക്വമായ നടപടികളാണു നിയമസഭയിൽ നടക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങൾക്കു പരാതിയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വിളളൽ വീഴ്ത്തുന്ന അപക്വമായ നടപടിയാണിത്. ഇത്തരം നടപടികളിലൂടെ കേരള നിയമസഭയെ പരിഹാസ്യപാത്രമാക്കുകയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ. മുഖ്യമന്ത്രി തന്നെ അതിന് നേതൃത്വം കൊടുക്കുന്നു എന്നത് അങ്ങേയറ്റം ദുരൂഹമായിട്ടുളള കാര്യമാണ്. തുടർച്ചയായി കേന്ദ്ര വിരുദ്ധ പ്രമേയങ്ങൾ പാസാക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.