തിരുവനന്തപുരം: കൊവിഡനെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ,ആരോഗ്യ വകുപ്പ്, കില എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന 'മിഷൻ കൊവിഡ്-2021' പ്രതിരോധിക്കാം, സുരക്ഷിതരാകാം സംസ്ഥാനതല പ്രതിരോധ ബോധവത്കരണ ക്യാമ്പെയ്ൻ ഇന്ന് തുടങ്ങും. മൂന്നു ലക്ഷത്തോളം വരുന്ന അയൽക്കൂട്ടങ്ങളിലെ 45 ലക്ഷം കുടുംബങ്ങളിലേക്ക് കൊവിഡ് പ്രതിരോധം സംബന്ധിച്ച അറിവും നൈപുണ്യവും എത്തിച്ച് ഓരോ വ്യക്തിയേയും സ്വയം സുരക്ഷിതരാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പെയ്ൻ വഴി ലക്ഷ്യമിടുന്നത്. കുടുംബശ്രീ കുടുംബങ്ങളിൽ കൊവിഡ് പോസിറ്റീവായിരിക്കുന്ന വ്യക്തികൾക്ക് മരുന്ന്, ഭക്ഷണം, ഓക്സിജൻ, വാഹനം, കൗൺസലിങ്ങ് എന്നിവ ആവശ്യമായി വരുന്ന മുറയ്ക്ക് അത് ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സി.ഡി.എസ് ടീമിന്റെ നേതൃത്വത്തിൽ ലഭ്യമാക്കും.