ബെയ്‌ജിംഗ്: രാജ്യത്തെ ജനങ്ങൾക്ക് അതിവേഗം പ്രായമാകുന്നതായി കണ്ടെത്തിയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബാസൂത്രണ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ച് ചൈന. ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് ഇന്ന് പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ നേതൃത്വത്തിൽ ചേർന്ന പോളിറ്റ്‌ബ്യൂറോ ലീഡർഷിപ്പ് കമ്മിറ്റി തീരുമാനിച്ചതായി സിൻഹുവാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ചൈനയുടെ കുപ്രസിദ്ധമായ ഒറ്റകുട്ടി നയം നാല്പത് വർഷങ്ങൾക്ക് ശേഷം 2016ലാണ് അവസാനിപ്പിച്ചത്. ഈ നയം മൂലം രാജ്യത്ത് ജോലി ചെയ്യുന്നവരെല്ലാം പ്രായമാകുകയും യുവാക്കളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്‌തിരുന്നു. ഇത് രാജ്യത്ത് സാമ്പത്തികമായി വലിയ സ്‌തംഭനമുണ്ടാക്കി.
പത്ത് വർഷത്തിലൊരിക്കൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിൽ 1960ന് ശേഷം ഏറ്റവും മെല്ലെയുളള ജനസംഖ്യാ വർദ്ധനയാണ് 2020ൽ ഉണ്ടായതെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മറ്റൊരു സാമ്പത്തിക സ്‌തംഭനം രാജ്യത്തുണ്ടാക്കുമോ എന്ന ഭയമാണ് പുതിയ തീരുമാനത്തിലേക്ക് ചൈനയെ നയിച്ചത്. 2020ൽ രാജ്യത്ത് ജനിച്ചത് 1.20 കോടി കുട്ടികൾ മാത്രമാണ്. ഇതോടെ രാജ്യത്തെ ആകെ ജനസംഖ്യ 141 കോടിയായി. 1.3ആണ് ചൈനയിൽ പ്രത്യുൽപാദന നിരക്ക്. ഇത് ജനസംഖ്യാ സന്തുലിതാവസ്ഥയ്‌ക്ക് വേണ്ടതിലും വളരെ കുറഞ്ഞ നിരക്കാണ്.
1960ലെ ഒറ്റകുട്ടി നയത്തിൽ ആൺകുട്ടികൾക്കായിരുന്നു കൂടുതൽ പ്രാധാന്യം ഭരണകൂടം കൽപിച്ചിരുന്നത്. പെൺകുട്ടികളെന്ന് തെളിഞ്ഞാൽ ഗർഭഛിദ്രം നടത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതായിരുന്നു ഏറെനാളത്തെ രീതി. ഇതാണ് വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ചതും.