fire

തിരുവനന്തപുരം: ചാല കമ്പോളത്തിൽ തീപിടിത്തം. കിഴക്കേകോട്ട ശ്രീപദ്മനാഭ തീയേ‌റ്ററിന് സമീപമുള‌ള ഒരു കളിപ്പാട്ട കടയിലാണ് ആദ്യമായി തീപിടിച്ചത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീയണയ്‌ക്കാനുള‌ള ശ്രമം തുടരുകയാണ്. നാല് യൂണി‌റ്റ് ഫയർഫോഴ്‌സാണ് ഇവിടെയെത്തുന്നത്.

തീ കൂടുതൽ പടരാതിരിക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടങ്ങി. വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പടെ ജനപ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളുടെ കളിപ്പാട്ട മൊത്തവ്യാപാര കടയിലാണ് തീ പിടിച്ചത്.

കൊവിഡ് ഇളവുകളുള‌ളതിനാൽ സമീപത്തെ കടകളൊക്കെ തുറന്നിരുന്നു. എന്നാൽ തീപിടിത്തമുണ്ടായ കട തുറന്നിരുന്നില്ല. കടയുടെ ഒരു ഭാഗത്തെ ഭിത്തി പൂർണമായും കത്തി നശിച്ചതായാണ് വിവരം. കെട്ടിടം അനധികൃത നിർമ്മാണമാണോയെന്ന് പരിശോധിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഡെപ്യൂട്ടി മേയ‌ർ പി.കെ രാജുവും സ്ഥലത്തെത്തിയിട്ടുണ്ട്.