vaccination

ബ്രസീലിയ: പ്രായപൂർത്തിയായവരിൽ വാക്സിനേഷൻ പൂർത്തിയായതോടെ ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തെ സെറാനയിൽ കൊവിഡ് മരണങ്ങൾക്ക് 95 ശതമാനം കുറവ് രേഖപ്പെടുത്തി. ചൈനയുടെ സൈനോവാക് ബയോടെക് പുറത്തിറക്കിയ കൊറോണവാക് വാക്സിൻ നിർമ്മിക്കുന്ന ബ്രസീലിലെ ഇൻസ്റ്റ്യുട്ടോ ഭൂട്ടൻട്ടൻ സ്ഥാപനം, 45,000 പേർ വസിക്കുന്ന സെറാന നഗരത്തെ പഠനവിധേയാക്കിയിരുന്നു. വാക്സിനേഷൻ ആരംഭിച്ചപ്പോൾ നഗരത്തിൽ കേസുകൾ വർദ്ധിച്ചിരുന്നു. എന്നാൽ, 75 ശതമാനത്തോളം പേരും വാക്സിൻ സ്വീകരിച്ചതോടെ ഇത് കുറഞ്ഞു.ശാസ്ത്രജ്ഞർ സെറാനയെ നാലായി തിരിച്ചാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. മൂന്ന് മേഖലകളിൽ രണ്ടാം ഡോസ് നൽകിയതോടെ രോഗബാധിതരിൽ ഗണ്യമായ കുറവുണ്ടായി. ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം 80 ശതമാനമായും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന കേസുകൾ 86 ശതമാനമായും കുറഞ്ഞു. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീൽ.