fake-clubhouse-accounts

തങ്ങളുടെ പേരിലുള്ളതെന്ന മട്ടിൽ സോഷ്യൽ മീഡിയാ ആപ്പായ 'ക്ളബ്ഹൗസി'ൽ കാണുന്നത് വ്യാജ അക്കൗണ്ടുകളാണെന്ന് വ്യക്തമാക്കി മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും. വ്യാജ അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചുകൊണ്ട് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ഇക്കാര്യം പറഞ്ഞത്.

പൃഥ്വിരാജിന്റെ ഇൻസ്റ്റാഗ്രാം നാമമായ 'ദ റിയൽ പൃഥ്വി' ഉപയോഗിച്ചുകൊണ്ടാണ് നടന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാം. ദുൽഖർ പങ്കുവച്ച വ്യാജ അക്കൗണ്ടുകളിൽ ഒന്നിനാകട്ടെ ആറായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

ഈ അക്കൗണ്ടുകൾ തന്റേതല്ലെന്നും തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചുകൊണ്ട് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് ഒരു രീതിയിലും നല്ല കാര്യമല്ലെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കുന്നു. താൻ 'ക്ളബ്ഹൗസി'ൽ ഇല്ലെന്ന് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. ഓഡിയോ അടിസ്ഥാനമാക്കിയ ഒരു സോഷ്യൽ മീഡിയാ ഡിസ്കഷൻ പ്ലാറ്റ്ഫോമാണ് 'ക്ളബ്ഹൗസ്'.

ക്ഷണം ലഭിച്ചാൽ മാത്രം, ഈ ആപ്പിന്റെ ഭാഗമായി ചാറ്റ് റൂമുകളിലെ ചർച്ചകളിൽ പങ്കാളികളാകാൻ സാധിക്കും. 2020 മാർച്ചിൽ പുറത്തിറങ്ങിയ ആപ്പിന്റെ ഇന്ന് ലോകമാകമാനം വൻ പ്രചാരമാണ് ലഭിക്കുന്നത്. അടുത്തിടെ ഇത് കേരളത്തിലും തരംഗമായി മാറിയിട്ടുണ്ട്. ആൽഫാ എക്സ്പ്ലോറേഷനുവേണ്ടി പോൾ ഡേവിസൺ, റോഹൻ സെത്ത് എന്നിവരാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.

content details: prithiviraj and dulquer salmaan about fake clubhouse accounts in their name.