kk

ഹൈദരാബാദ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മാവനെ പൊലീസ് അറസ്റ്റുചെയ്തു. തെലങ്കാന ജഗതിഗിരിഗുട്ടയിലാണ് സംഭവം. മൂന്ന് ദിവസം മുമ്പ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയിൽ കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങൾ നീണ്ട പീഡന വിവരം പുറത്തറിയുന്നത്. . കാഴ്ച വൈകല്യമുള്ള ഇയാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.

കഴിഞ്ഞ ആറേഴ് മാസത്തിനിടെ അമ്മാവൻ തന്നെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് പെൺകുട്ടി അമ്മയോട് തുറന്നു പറഞ്ഞത്. പിന്നാലെ തന്നെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് പുറമെ പോക്‌സോ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.