sebaisnt

അരീക്കോട് : ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടതുംപോയിൽ കോനൂർകണ്ടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വടക്കേതടത്തിൽ സെബാസ്റ്റ്യൻ (58) മരിച്ചു. വെള്ളിയാഴ്ച രാത്രി സഹോദരിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു തിരികെ പോകുമ്പോഴാണ് ആക്രമണമെന്ന് കരുതുന്നു. ഇന്നലെ രാവിലെ സഹോദരനാണ് സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടത്.

രണ്ടാഴ്ചയ്ക്കിടെ ഊർങ്ങാട്ടിരിയിൽ കാട്ടാനയുടെ ആക്രമണത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണ് സെബാസ്റ്റ്യന്റേത്. ഏപ്രിൽ 17ന് കാട്ടാനയുടെ ചവിട്ടേറ്റ് കടുഞ്ഞി എന്ന ആദിവാസി വൃദ്ധനും മരിച്ചിരുന്നു.

കാട്ടാനയുടെ ആക്രമണം തടയാൻ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ സ്ഥലത്തെത്തിയ പൊലീസുകാരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഏറെ നേരം തടഞ്ഞുവച്ചു. പിന്നീട് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പിതാവ് പരേതനായ ജോസഫ്. അമ്മ മറിയം. ബെന്നി, ബേബി ,​ ഗ്രേസി, മേരി, ബീന, ബിന്ദു എന്നിവർ സഹോദരങ്ങളാണ്. അവിവാഹിതനാണ്.