മലപ്പുറം: ഇടതുതരംഗത്തിലും ഉലയാതെ മലപ്പുറത്തെ പച്ചക്കോട്ട. 12 സീറ്റുകൾ യു.ഡി.എഫ് നിലനിറുത്തി. താനൂർ, തവനൂർ, നിലമ്പൂർ, പൊന്നാനി എന്നിവയാണ് എൽ.ഡി.എഫ് നിലനിറുത്തിയത്. 12 സീറ്റിൽ മത്സരിച്ച ലീഗ് പതിനൊന്നിലും ജയിച്ചപ്പോൾ നാല് സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണയും വണ്ടൂരിലെ എ.പി.അനിൽകുമാറിന്റെ വിജയത്തിൽ തൃപ്തിപ്പെടേണ്ടി വന്നു.
പെരിന്തൽമണ്ണയിൽ ലീഗ് വിമതനായ കെ.പി.എം മുസ്തഫ കടുത്ത വെല്ലുവിളിയുയർത്തി. 34 വോട്ടിന് കഷ്ടിച്ചാണ് ലീഗിന്റെ നജീബ് കാന്തപുരത്തിന്റെ വിജയം. ഒരുപക്ഷേ, സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാവുമിത്.
താനൂരിലെ സിറ്റിംഗ് എം.എൽ.എ വി.അബ്ദുറഹ്മാനാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ പരാജയപ്പെടുത്തിയത്.നിലമ്പൂരിൽ കോൺഗ്രസിലെ ചേരിപ്പോരാണ് ഇത്തവണയും അൻവറിന് അനുകൂലമായത്.
മലപ്പുറം മണ്ഡലത്തിൽ പി.ഉബൈദുള്ള നേടിയ 35,208 വോട്ടാണ് ഉയർന്ന ഭൂരിപക്ഷം. വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 30,522 വോട്ടിന്റെ ഭൂരിപക്ഷം. ജില്ലയിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷമാണ്.
മഞ്ചേരിയിൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് ഏറെ നേരം പിന്നിലായ ശേഷമാണ് പിടിച്ചുകയറിയത്. തിരൂരങ്ങാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് അവസാനമെണ്ണിയ മൂന്ന് പഞ്ചായത്തുകളുടെ മികവിൽ വിജയിച്ചുകയറി. ഏറനാട്ടിലെ പി.കെ.ബഷീർ 2016ലെ ഭൂരിപക്ഷം ഇരട്ടിയാക്കി.
പൊന്നാനിയിൽ സി.പി.എമ്മിലെ പി.നന്ദകുമാർ 17,043 വോട്ടിന് വിജയിച്ചതൊഴിച്ചാൽ എൽ.ഡി.എഫിന് തിളക്കമുള്ള വിജയമില്ല. തവനൂരിൽ മുൻമന്ത്രി കെ.ടി.ജലീൽ ഫോട്ടോഫിനിഷിലാണ് കടന്നുകയറിയത്. ഫിറോസ് കുന്നംപറമ്പിലിന് അവസാന നിമിഷമാണ് കാലിടറിയത്.