മലപ്പുറം: ജില്ലയിൽ കൊവിഡ് പ്രതിരോധ, ചികിത്സാ, പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനം. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും താത്കാലിക ജീവനക്കാർക്ക് ന്യായമായ വേതനം നൽകാനും ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും പരിശോധനാ ഫലം പെട്ടെന്ന് ലഭിക്കാനും നടപടികളുണ്ടാവണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പട്ടു.
ജില്ലയിൽ ജനസംഖ്യ കൂടുതലായതിനാൽ പരിശോധനാ സൗകര്യം വർദ്ധിപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ജില്ലയിൽ 6,08,426 പേർക്ക് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷം ആളുകൾ ആദ്യ ഡോസെടുത്തു. ഒരു ലക്ഷം പേർ മാത്രമാണ് രണ്ടാം ഡോസ് എടുത്തിട്ടുള്ളത്.
ചികിത്സാ സൗകര്യങ്ങൾ
സർക്കാർ മേഖലയിലാണ് മുഖ്യമായും കൊവിഡ് ചികിത്സ . ഗുരുതര രോഗികളെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സിക്കുന്നത്. കൊവിഡ് ഇതര രോഗ ചികിത്സയും ഇവിടെയുണ്ട്. രോഗവ്യാപനം വർദ്ധിച്ചാൽ മെഡിക്കൽ കോളേജ് മൊത്തമായും കൊവിഡ് ആശുപത്രിയാക്കും. എല്ലാ ജില്ലാ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാനും 15 ബ്ലോക്ക് ആശുപത്രികളിൽ സ്റ്റെബിലൈസേഷൻ സെന്ററുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും കൊവിഡ് രോഗികൾക്ക് നീക്കിവയ്ക്കും.ഇത്തരത്തിൽ 2,016 കിടക്കകൾ മാറ്റിവച്ചിട്ടുണ്ട്. ജില്ലാ, ബ്ലോക്ക് , പഞ്ചായത്ത് തലങ്ങളിൽ 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
ഓക്സിജൻ പ്ലാന്റ് രണ്ട് ദിവസത്തിനകം
2013ൽ പ്രവർത്തനം നിലച്ച മരവട്ടത്തെ ഓക്സിജൻ പ്ലാന്റ് രണ്ട് ദിവസത്തിനകം പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ മിക്ക ആശുപത്രികളിലേക്കും ചേളാരി ശ്രീകല പ്ലാന്റിൽ നിന്നാണ് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത്. കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നും എത്തിക്കുന്നുണ്ട്. ജില്ലയിലെ ഓക്സിജൻ നീക്കം മൊത്തത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. സിലിണ്ടറുകളുടെ കുറവ് പരിഹരിക്കുന്നതിനായി 165 കൊമേഴ്സ്യൽ സിലിണ്ടർ ലഭ്യമാക്കി .നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിലെ ദ്രവീകൃത ഓക്സിജൻ ടാങ്കിന്റെ കപ്പാസിറ്റിക്കുറവ് പരിഹരിക്കുവാനും 13 ടൺ കപ്പാസിറ്റിയുള്ള ടാങ്ക് സ്ഥാപിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചതായും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും
ജില്ലയിൽ സർക്കാർ മേഖലയിൽ ദിവസേന ഏകദേശം 3,600 ടെസ്റ്റ് നടത്താൻ സാധിക്കും.സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമായി 10,900 ആന്റിജൻ ടെസ്റ്റുകൾ നടത്താൻ സൗകര്യമുണ്ട്. മൊത്തം 20,600 ടെസ്റ്റുകൾ നടത്താൻ സൗകര്യമുണ്ട്. മൂന്ന് മൊബൈൽ യൂണിറ്റുകളുമുണ്ട്.