സംസ്ഥാനത്ത് കൊവിഡ് ബാധിതരിൽ എണ്ണത്തിൽ മുന്നിലുള്ള ജില്ലയാണ് മലപ്പുറം. നാല് ദിവസമായി തുടർച്ചയായി 5,000ത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. പല തദ്ദേശസ്ഥാപന പരിധികളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയിൽ രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നത് ആരോഗ്യ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്. സ്വകാര്യ ആശുപത്രികളിലടക്കം ബെഡുകളിൽ രോഗികൾ നിറഞ്ഞതോടെ പാലക്കാട്, തൃശൂർ ജില്ലകളെ ആശ്രയിക്കുകയാണിപ്പോൾ. രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചതിന് പിന്നാലെ മലപ്പുറം ഓക്സിജൻ ക്ഷാമത്തിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോൾ. നിലവിൽ 21.1 മെട്രിക് ടൺ ഓക്സിജനാണ് സംഭരിച്ചിട്ടുള്ളത്. അടുത്ത 24 മണിക്കൂറിലേക്ക് ഇത്രയും തന്നെ ഓക്സിജൻ ആവശ്യമുള്ളതായി വിവിധ ആശുപത്രികൾ ജില്ലാ ഓക്സിജൻ മാനേജ്‌മെന്റ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികൾ ഒന്നിച്ച് ഓക്സിജന് വേണ്ടി ആവശ്യമുന്നയിക്കുന്ന സ്ഥിതിയാണിപ്പോൾ. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ഓക്സിജന്റെ ആവശ്യം ഉയരുകയും ചെയ്താൽ ജില്ല കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക.
മുടക്കല്ലേ പ്ലാന്റ്
ജില്ലയ്ക്ക് ഏറെ പ്രതീക്ഷയേകി മഞ്ചേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് നിർമ്മാണം നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു. എന്നാൽ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ മലപ്പുറം ജില്ലയില്ല. ഇതോടെ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി നിറുത്തിവെച്ചിരിക്കുകയാണ്. മഞ്ചേരിയിലും കൊല്ലം പാരിപ്പള്ളിയിലും പ്ലാന്റ് നിർമ്മിക്കാനാണ് ഹൈവേ അതോറിറ്റി അനുമതിയേകിയത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് മുമ്പ് സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ ഒരാഴ്ച്ചക്കകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാൻ നിർമ്മാണ ചുമതലയുള്ള ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനോട് ഹൈവേ അതോറിറ്റി നിർദ്ദേശിച്ചിരുന്നു. മിനിറ്റിൽ 1,500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റായിരുന്നു ലക്ഷ്യമിട്ടത്. രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള മലപ്പുറം കേന്ദ്ര സർക്കാരിന്റെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുമെന്ന ഉറച്ച പ്രതീക്ഷകളായിരുന്നു.
ഗുരുതര കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന സർക്കാർ മേഖലയിലെ മലപ്പുറത്തെ ഏക ആശുപത്രിയാണ് മഞ്ചേരി മെഡിക്കൽ കോളേജ്. നിലവിൽ കൊവിഡേതര ചികിത്സയും നടക്കുന്ന മെഡിക്കൽ കോളേജിനെ പൂർണ കൊവിഡ് ആശുപത്രിയാക്കാനുള്ള നീക്കങ്ങളിലാണ് അധികൃതർ. ഓക്സിജന്റെ ക്ഷാമമാണ് മെഡിക്കൽ കോളേജ് നേരിടുന്ന വലിയ പ്രതിസന്ധി. ആശുപത്രിയിലെ ദ്രവീകൃത ഓക്സിജൻ ടാങ്കിന്റെ അപര്യാപ്തത പരിഹരിക്കാൻ 13 ടൺ സംഭരണ ശേഷിയുള്ള ടാങ്ക് ജില്ലാ കളക്ടറുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം അടിയന്തരമായി എത്തിക്കുകയായിരുന്നു. എന്നാൽ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാതെ മഞ്ചേരി മെഡിക്കൽ കോളേജ് നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവില്ല. 341 കിടക്കകളാണ് മഞ്ചേരി മെഡിക്കൽ കോളേജിലുള്ളത്. ഇതിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗവും ഓക്സിജൻ ആവശ്യം വരുന്ന ഗുരുതര രോഗികളാണ്. മലപ്പുറത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള മുൻഗണനാ ലിസ്റ്റിൽ കേന്ദ്ര സർക്കാർ മലപ്പുറത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
ആശ്രയം അയൽ ജില്ലകളെ
പാലക്കാട് കഞ്ചിക്കോട്ടെ സർക്കാർ ഓക്സിജൻ പ്ലാന്റിനേയും ചേളാരിയിലെ സ്വകാര്യ പ്ലാന്റിനേയും ആശ്രയിച്ചാണ് തുടക്കത്തിൽ മുന്നോട്ടു പോയതെങ്കിൽ കൃത്രിമ ഓക്സിജൻ ആവശ്യം വരുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പാലക്കാട്, തൃശൂർ ജില്ലകളിലെ സ്വകാര്യ കമ്പനികളെയും ആശ്രയിക്കുകയാണ് ഇപ്പോൾ. ജില്ലാ ഓക്സിജൻ മാനേജ്‌മെന്റ് കമ്മറ്റിയെ ബന്ധപ്പെടുന്ന സ്വകാര്യ ആശുപത്രികളെ സമീപ ജില്ലകളിലെ ഓക്സിൻ നിർമ്മാണ കമ്പനികളിലേക്ക് പറഞ്ഞ് അയയ്‌ക്കുകയാണ്. ഓക്സിജന് വലിയക്ഷാമം നേരിടുമ്പോൾ സമീപത്തെ ആശുപത്രികൾ പരസ്പരം ഓക്സിജൻ സിലിണ്ടറുകൾ കൈമാറുന്നുണ്ട്. ഓക്സിജന് വരുംദിവസങ്ങളിലും ആവശ്യം കൂടിയാൽ വലിയ പ്രതിസന്ധിയെ ആവും ജില്ല അഭിമുഖീകരിക്കുക.
ജില്ലയിലെ ഏക ഓക്സിജൻ ഉത്പാദന കേന്ദ്രമായ ചേളാരിയിലെ ശ്രീകല ഓക്സിജൻ കമ്പനിയിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നുണ്ടെങ്കിലും ഇത് ഒന്നിനും തികയുന്നില്ല. 4,200 ക്യൂബിക് മീറ്ററാണ് ഇവിടത്തെ ഉത്പാദന ശേഷി. 7,000 ലിറ്റർ ഓക്സിജൻ നിറയ്‌ക്കാൻ കഴിയുന്ന 600 ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളാണ് ഒരുദിവസം ഇവിടെ നിന്ന് വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോവുന്നത്. ഓക്സിജന് ആവശ്യം ഏറിയതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലേക്ക് ഈ സ്വകാര്യ കമ്പനി മാറിയിട്ടുണ്ട്.