മലപ്പുറം: സംസ്ഥാന സർക്കാർ വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം ഡോസ് വാക്സിനിൽ ജില്ലയ്ക്ക് ലഭിക്കുക 64,200 ഡോസ്. 46,000 ഡോസ് കോവാക്‌സിനും 18,200 ഡോസ് കൊവി ഷീൽഡുമാണ് അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് ഇന്നലെ വൈകിട്ടാണ് ജില്ലാ ആരോഗ്യ വകുപ്പിന് വിവരങ്ങൾ കൈമാറിയത്. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് നൽകാനാണ് ഈ വാക്സിൻ ഉപയോഗിക്കുക. ഈ പ്രായപരിധിയിൽ ഉള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിന് പിന്നാലെയാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങി സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്.
മേയ് പത്തിന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി എത്തിച്ച വാക്സിൻ കൊച്ചി മഞ്ഞുമ്മലിലെ കേരള മെഡിക്കൽ കോർപ്പറേഷന്റെ വെയർഹൗസിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ഉടൻ കോഴിക്കോട് റീജ്യണൽ വാക്സിൻ സ്‌റ്റോറിൽ എത്തിക്കും. തുടർന്ന് റീജ്യണൽ കേന്ദ്രത്തിന്റെ പരിധിയിലെ ജില്ലകൾക്ക് കൈമാറും. 45 വയസിന് മുകളിലുള്ളവർക്ക് കേന്ദ്ര സർക്കാരാണ് വാക്സിൻ നൽകുന്നത്. ഒരാഴ്ചക്കിടെ 20,000 ഡോസ് കൊവിഷീൽഡ് വാക്സിൻ ലഭിച്ചിട്ടുണ്ട്. ജില്ലയിൽ 11 ലക്ഷത്തോളം പേരാണ് ഈ പ്രായപരിധിയിലുള്ളത്. ഇതിൽ നാലര ലക്ഷം പേർക്കാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. 70,000ത്തോളം പേർക്ക് രണ്ടാം ഡോസും ലഭിച്ചു. വാക്സിൻ ലഭ്യത കുറയുകയും ആവശ്യക്കാരുടെ തിരക്ക് വർദ്ധിക്കുകയും ചെയ്തതോടെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനാവുന്നില്ല. ആരോഗ്യസേതു ആപ്പ് മുഖേന രജിസ്റ്റർ ചെയ്തവർക്ക് വാക്സിനെടുക്കാനുള്ള ദിവസവും സെന്ററും തിരഞ്ഞെടുക്കാനും കഴിയുന്നില്ല. ഒരാഴ്ച്ചയിൽ അധികമായി ഈപ്രശ്നം നേരിടുന്നുണ്ട്.
18നും 45നും ഇടയിലുള്ളവർക്കുള്ള വാക്സിനാണ് നൽകേണ്ടതെങ്കിലും ഇതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടില്ല. ഈ പ്രായപരിധിയിൽ ആർക്കാണ് മുൻഗണന നൽകേണ്ടത്, പരിഗണിക്കാവുന്ന മറ്റ് കാര്യങ്ങൾ സംബന്ധിച്ച് നിർദ്ദേശം ലഭിക്കാനുണ്ട്.
ഡോ. രാജേഷ്, ജില്ലാ നോഡൽ ഓഫീസർ