താനൂർ: ലീഗ് കോട്ടയായ താനൂർ രണ്ടുവട്ടം പൊളിച്ചടുക്കി ചരിത്രവിജയം നേടിയ വി. അബ്ദുറഹ്മാൻ ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗം. കോൺഗ്രസിൽ നിന്ന് ഇടതുപാളയത്തിലെത്തി ലീഗ് കോട്ടകളെ വിറപ്പിച്ച അബ്ദുറഹ്മാന്റെ മന്ത്രിപദം, ജില്ലയിലെ രാഷ്ട്രീയ മണ്ഡലത്തിന് നൽകുന്ന സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ട്.
ലീഗിന് വഴിപ്പെട്ടുള്ള കോൺഗ്രസിന്റെ രാഷ്ട്രീയം മടുത്ത് കളംമാറി ഇടതുപാളയത്തിലെത്തിയ അബ്ദുറഹ്മാൻ 2014ൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി. ലീഗ് കോട്ടയായ മലപ്പുറത്ത് എതിർചേരിയിൽ നിന്ന് ആളുകളെ അണിനിരത്തി സ്വതന്ത്രനായി മത്സരിപ്പിക്കുകയെന്ന ഇടതുതന്ത്രത്തിന്റെ ഭാഗമായാണ് അബ്ദുറഹ്മാനെ മത്സരരംഗത്തിറക്കിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പു നടന്ന അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് അബ്ദുറഹ്മാൻ ഇടതുപാളയത്തിലെത്തുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ പലഭാഗങ്ങളിലും ലീഗും കോൺഗ്രസും തമ്മിലുള്ള അഭിപ്രായ ഭിന്നത മുതലെടുക്കുകയെന്ന ലക്ഷ്യം കോൺഗ്രസുകാരനായ അബ്ദുറഹ്മാനെ രംഗത്തിറക്കിയതിന് പിന്നിലുണ്ടായിരുന്നു. തിരൂർ , താനൂർ മണ്ഡലങ്ങളിൽ അബ്ദുറഹ്മാനുള്ള സ്വാധീനവും വലിയ ഘടകമായി. അക്ഷരാർത്ഥത്തിൽ എതിരാളിയെ വിറപ്പിച്ച അബ്ദുറഹ്മാൻ 25,410 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ അതികായനോട് പരാജയപ്പെട്ടത്. ലീഗിനെ സംബന്ധിച്ചിടത്തോളം നിറംമങ്ങിയ വിജയമായിരുന്നു അത്. ഭൂരിപക്ഷം പകുതിയിലേറെ കുറഞ്ഞു. ഈ പ്രകടനമാണ് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ താനൂരിലെ സ്ഥാനാർത്ഥിയാവുന്നതിൽ നിർണ്ണായകമായത്. ഇത്തവണ പരീക്ഷണം വൻവിജയമായി. നാലായിരത്തോളം വോട്ടിന് അബ്ദുറഹ്മാൻ രണ്ടത്താണിക്കെതിരെ ഐതിഹാസിക വിജയം.
തിരൂർ നഗരസഭ വൈസ് ചെയർമാനായിരിക്കെ ഒട്ടനവധി നൂതനപദ്ധതികൾ വിഭാവനം ചെയ്ത ഭരണപാടവം തെളിയിച്ച അബ്ദുറഹ്മാന് പക്ഷേ, ഭരണസമിതിയിൽ നിന്നും മുന്നണിയിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നില്ല. എം.എൽ.എയെന്ന നിലയിൽ നേതൃത്വ മികവു മുഴുവനായും പുറത്തെടുത്ത അബ്ദുറഹ്മാൻ മണ്ഡലത്തിൽ വികസനമെത്തിക്കുന്നതിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. പിന്നാക്കപ്രദേശമെന്ന ലേബലിൽ അറിയപ്പെട്ടിരുന്ന തീരമേഖലയുടെ തലവര മാറ്റിയ വികസനമാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്നത്. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ താനൂർ മേഖലയിൽ മുസ്ലിംലീഗ് കാഴ്ചവച്ച മികവുറ്റ പ്രകടനം അബ്ദുറഹ്മാന് മുന്നിൽ വലിയ ചോദ്യചിഹ്നമുയർത്തി. അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ പരന്നു. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് സ്ഥാനാർത്ഥിയായതോടെ ലീഗിന്റെ വൻവിജയമാണ് പലരും പ്രവചിച്ചത്. എന്നാൽ എല്ലാ അഭ്യൂഹങ്ങളേയും കാറ്റിൽപറത്തി താനൂരിൽ തന്നെ അബ്ദുറഹ്മാൻ പോരിനിറങ്ങി. വികസനനേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുള്ള പ്രചാരണം രണ്ടാംതവണയും വിജയപദത്തിലെത്തിച്ചു.
ജലീലിന് ഇത്തവണ മന്ത്രിപദത്തിനുള്ള സാദ്ധ്യത മങ്ങിയത് അബ്ദുറഹ്മാന് മന്ത്രിസ്ഥാനത്തേക്ക് ഗുണകരമായി. മന്ത്രിയെന്ന നിലയിലുള്ള അബ്ദുറഹ്മാന്റെ സാന്നിദ്ധ്യം കൂടുതൽ ലീഗു കോട്ടകളിൽകൂടി, പ്രത്യേകിച്ച് തിരൂർ, വിള്ളലുണ്ടാക്കുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.
ഒറ്റനോട്ടത്തിൽ
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.യു സ്‌കൂൾ ഭാരവാഹിയായി തുടക്കം.
പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവം. വിവിധ ചുമതലകൾ വഹിച്ചു. കെപിസിസി സംസ്ഥാന സെക്രട്ടറി പദവി വരെ എത്തി.
തിരൂർ മുൻസിപ്പൽ കൗൺസിലറായി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് . മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി.
വൈസ് ചെയർമാനെന്ന നിലയിൽ തിരൂരിൽ നിരവധി നൂതന പദ്ധതികൾ ആവിഷ്കരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഹജ്ജ് കമ്മിറ്റിയംഗം, ആക്ട് തിരൂർ സാംസ്‌കാരിക സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത്, ഗതാഗതം, പ്രവാസികാര്യം എന്നീ സബ്ജക്ട് കമ്മിറ്റികളിൽ അംഗം