coll

സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത കൊവിഡ് ചികിത്സാ കേന്ദ്രം

മഞ്ചേരി: സമ്പൂർണ ഡിജിറ്റലായി മാറിയിരിക്കുകയാണ് മഞ്ചേരി മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാകേന്ദ്രം. ഒ.പി ടിക്കറ്റ്, ചികിത്സാ റെക്കഡ്, മരുന്ന് കുറിപ്പടി എന്നിവയെല്ലാം ഇവിടെ ഓൺലൈനിലാണ്. കൊവിനെറ്റ് എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചുകൊണ്ടാണ് മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. ഷഹീർ നെല്ലിപ്പറമ്പന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഈ നേട്ടം കൈവരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത കൊവിഡ് ചികിത്സാ കേന്ദ്രമായി മഞ്ചേരി മാറി.

ഡോക്ടറും രോഗിയും തമ്മിൽ ചികിത്സാരേഖകൾ കൈമാറുന്നത് കൊവിനെറ്റിലൂടെ പൂർണമായും ഒഴിവാകും. ഒ.പിയിൽ പേരും വിവരങ്ങളും രേഖപ്പെടുത്തിയാൽ അത് ഉടൻ ഡോക്ടറുടെ കമ്പ്യൂട്ടറിൽ ലഭിക്കും. ചികിത്സാവിവരങ്ങൾ അടക്കം എല്ലാം ഡിജിറ്റലായി രേഖപ്പെടുത്തും. ഡോക്ടർമാർ പിന്നീട് റഫർ ചെയ്യുക ഈ ഡിജിറ്റൽ ഫയലുകളാണ്. അഡ്മിറ്റ് ചെയ്യുന്നതുമുതൽ ഡിസ്ചാർജ് വരെയുള്ള എല്ലാ വിവരങ്ങളും കൊവിനെറ്റിലുണ്ടാവും. തുടർചികിത്സയ്ക്ക് ചെല്ലുമ്പോൾ പഴയ ചികിത്സാരേഖകളൊന്നും കൊണ്ടുപോകേണ്ടതില്ല. രോഗി വാർഡിൽ പ്രവേശിച്ചാൽ പിന്നീടുള്ള നീക്കങ്ങളെല്ലാം യഥാസമയം വാർറൂമിൽ നിന്ന് നിരീക്ഷിക്കാം. വാർഡ്, കിടക്കകൾ, രോഗികൾ, ഓക്സിജൻ കിടക്കകൾ, വെന്റിലേറ്റർ സംവിധാനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങളും അപ്പപ്പോൾ ലഭ്യമാക്കാം. പി.ആർ.ഒ ജിജോ വി. ജോർജ്, ഡോ. ഗണേഷ്, ഡോ. സുബിൻ, നെറ്റ്‌വർക്ക് എൻജിനിയർ ദിലീപ് എന്നിവരാണ് ആപ്ളിക്കേഷൻ വികസിപ്പിച്ചത്.