മഞ്ചേരി: മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് പോസിറ്റീവ് റിസൾറ്റുമായി വീട്ടിൽ ക്വാറന്റൈനിലിരിക്കാൻ ബൈക്കിൽ പോകവേ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് രോഗിയെ റോഡരികിൽ നിറുത്തിയതായി പരാതി. ഇന്നലെ രാവിലെ 11.30ഓടെ മഞ്ചേരി ടൗണിലാണ് സംഭവം. കാവനൂർ സ്വദേശിയായ യുവാവിനെ തടഞ്ഞുനിറുത്തി നമ്പർ പ്ളേറ്റിലെ അപാകത ചൂണ്ടിക്കാട്ടിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. റോഡരികിലിരുന്ന രോഗിയെ അസഭ്യം വിളിക്കുകയും നടന്നുപോയി സ്റ്റേഷനിൽ നിന്ന് വണ്ടിയെടുക്കാൻ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. തലവേദയും പനിയുമുണ്ടായിരുന്ന ഇയാൾ നാട്ടിലെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ഡി.വൈ.എഫ്.ഐക്കാർ ഏർപ്പെടുത്തിയ വാഹനത്തിൽ മടങ്ങുകയും ചെയ്തു. ഡി.വൈ.എഫ്.ഐ മഞ്ചേരി ബ്ലോക്ക് കമ്മിറ്റി മലപ്പുറം എസ്.പിക്ക് പരാതി നൽകി.