vvv

മലപ്പുറം: വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ 117 വാക്‌സിൻ കേന്ദ്രങ്ങളിൽ 96 എണ്ണവും നോക്കുകുത്തി. ഇന്നലെ 21 കേന്ദ്രങ്ങളിലാണ് വാക്‌സിൻ നൽകിയത്. ഇതിൽ തന്നെ 13 കേന്ദ്രങ്ങളിൽ ആറു മുതൽ 20 പേർക്ക് വരെയാണ് വാക്‌സിനേഷന് അവസരം ലഭിച്ചത്. മിക്ക ദിവസങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിനാണ് കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്. കൊവിഡ് രണ്ടാം വ്യാപനത്തിന് തൊട്ടുമുമ്പ് മുഴുവൻ കേന്ദ്രങ്ങളിലും വാക്‌സിൻ നൽകിയിരുന്നു. അന്ന് വാക്‌സിന് ആവശ്യക്കാർ കുറവായിരുന്നു. ആശ പ്രവർത്തകർ വീടുകളിലെത്തി വാക്‌സിനെടുക്കാൻ പ്രേരിപ്പിച്ചിരുന്നു. രണ്ടാംതരംഗത്തിൽ രോഗ വ്യാപനവും മരണനിരക്കും വർദ്ധിച്ചതോടെയാണ് ജില്ലയിൽ വാക്‌സിന് ആവശ്യക്കാർ വർദ്ധിച്ചത്. ജില്ലയിൽ വാക്‌സിനായി രജിസ്റ്റർ ചെയ്തവർക്ക് സമയബന്ധിതമായി വാക്‌സിൻ നൽകണമെങ്കിൽ ഒരാഴ്ച്ചത്തേക്ക് ഒരുലക്ഷം ഡോസുകളെങ്കിലും വേണ്ട സാഹചര്യത്തിൽ നിലവിൽ ശരാശരി പതിനായിരം ഡോസ് എന്ന തരത്തിലാണ് ലഭിക്കുന്നത്. കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വാക്‌സിൻ കുറവാണെന്നാണ് ചൂണ്ടിക്കാട്ടിയത്. ജില്ലയിൽ വെള്ളിയാഴ്ച വരെ 6,59,157 പേരാണ് വാക്‌സിനെടുത്തത്.
ഇന്നലെ 981 പേർക്കാണ് വാക്‌സിൻ ലഭിച്ചത്. പി.എച്ച്.സികളായ എടപ്പറ്റ - 142 പേർക്ക്, തേഞ്ഞിപ്പലം -11, ചെറുകാവ്- 11, കടലുണ്ടിനഗരം - 10, ഈഴുവത്തിരുത്തി 158, വെട്ടത്തൂർ - 10, കീഴാറ്റൂർ - 22, അങ്ങാടിപ്പുറം -10, അത്താണിക്കൽ -11. സി.എച്ച്.സികളായ മേലാറ്റൂർ- 132, ആലിപ്പറമ്പ - 14, തലക്കാട് - 6, മമ്പാട് - 35, മങ്കട - 21, പൊന്മുണ്ടം- 11, പെരുവള്ളൂർ - 10, ഏലംകുളം - 217, കാളികാവ് - 7, നെടുവ- 20 പേർക്കും പൊന്നാനി താലൂക്ക് ആശുപത്രി -10, മഞ്ചേരി മെഡിക്കൽ കോളേജ് - 119 പേർക്കുമാണ് വാക്‌സിൻ ലഭിച്ചത്. വാക്‌സിൻ കുറവാണെന്നതിനാൽ വരുംദിവസങ്ങളിൽ വാക്‌സിൻ ലഭിക്കുന്നവരുടെ എണ്ണം വീണ്ടും കുറയും. ഇതിനകം കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഡോസ് വാക്‌സിൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

ആരോട് പറയും
വാക്‌സിനായി കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തു ആഴ്ചകളായിട്ടും വാക്‌സിൻ ലഭിക്കാത്തവർ ഇക്കാര്യം ആരോട് പറയുമെന്ന അവസ്ഥയിലാണ്.

മിക്ക കേന്ദ്രങ്ങളിലും ദിവസം 25ന് താഴെ പേർക്കാണ് അവസരം ലഭിക്കുന്നത്.

ഇതുതന്നെ ലഭിക്കാൻ കൊവിൻ പോർട്ടലിന് മുന്നിൽ കുത്തിയിരിക്കേണ്ടി വരും.

വാക്‌സിൻ ഡേറ്റ് തിരഞ്ഞെടുക്കാനുള്ള സ്ലോട്ട് പ്രത്യക്ഷപ്പെട്ടാൽ തന്നെ നിമിഷങ്ങൾക്കകം അവസരം തീരുകയും ചെയ്യും.

വേഗത കുറഞ്ഞ ഇന്റർനെറ്റോ, മറ്റ് നെറ്റ് വർക്ക് തകരാറുകളോ ഉണ്ടെങ്കിൽ അവസരം ലഭിക്കുകയുമില്ല.