അരീക്കോട് : പോസ്റ്റ് ഓഫീസിന് സമീപത്തെ ബസൂക്ക പ്രസ്സിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. പ്രസ്സിന്റെ മുകളിലത്തെ നിലയിലെ പ്രിന്റിംഗ് സാമഗ്രികൾ, കമ്പ്യൂട്ടർ, എ. സി തുടങ്ങിയവ കത്തിനശിച്ച് 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. പോർട്ടർമാരും നാട്ടുകാരും മുക്കം യൂണിറ്റിലെ ഫയർഫോഴ്സും അതിവേഗം ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.
അരീക്കോട് ഫയർ സ്റ്റേഷന്റെ അഭാവം ഏറെ കാലമായി നാട്ടുകാരെ അലട്ടുന്ന പ്രശ്നമാണ്. നിരവധി കച്ചവട സ്ഥാപനങ്ങളും ആശുപത്രി കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം നിരവധി വലിയ സ്ഥാപനങ്ങൾ അരീക്കോട് സ്ഥിതി ചെയ്യുന്നുണ്ട്. തീപിടുത്തമുണ്ടായാൽ മഞ്ചേരി, മുക്കം, തിരുവാലി എന്നിവിടങ്ങളിൽ നിന്നെത്തുമ്പോഴേക്കും കത്തിയമർന്നിട്ടുണ്ടാവും. നാട്ടുകാരുടെ കൂട്ടായ പ്രയത്നങ്ങളാണ് പലപ്പോഴും വലിയ അപകടങ്ങളൊഴിവാക്കുന്നത്.
'' ലോക്ക് ഡൗൺ സമയമായതിനാൽ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ വൈദ്യുതി സംവിധാനം ഓഫാക്കി വയ്ക്കുന്നത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഫസലുള്ള നെന്മിണിയിൽ ,
തിരുവാലി ഫയർ സ്റ്റേഷൻ ഓഫീസർ