vvv
.

തിരൂരങ്ങാടി: കൊവിഡ് ഒന്നാംഘട്ടത്തിലാണ് ആറംഗസംഘം മീൻ വളർത്തൽ തുടങ്ങിയത്. രണ്ടാംഘട്ട വ്യാപനത്തിനിടെ വിളവെടുപ്പും തുടങ്ങി. ലോക്ക് ഡൗൺ വിരസത ഒഴിവാക്കാൻ ആരംഭിച്ച സംരംഭം വിജയമായതിന്റെ സംതൃപ്തിയിലാണ് തിരൂരങ്ങാടി ചെറുമുക്ക് വെസ്റ്റിലെ ആറ് യുവാക്കൾ.

ഏട്ടുമാസം മുമ്പാണ് അരീക്കാട്ട് സക്കറിയ വീട്ടിൽ ചെറിയ വെട്ടുകുഴിയുണ്ടാക്കി മീൻ വളർത്തലിന് ശ്രമിച്ചത്. ക്ളച്ച് പിടിച്ചില്ല. പിൻവാങ്ങുന്നതിന് പകരം ഒത്തുപിടിക്കാൻ തീരുമാനിച്ചു. സുഹൃത്തുക്കളായ ചെറുമുക്ക് വെസ്റ്റിലെ നീലങ്ങത്ത് നിയാസ്, ബാലേരി അഷീഖ്, വലിയ പീടിയേക്കൽ സൽമാൻ, ചക്കുങ്ങൽ നിസാർ, തണ്ടാശ്ശേരി വിഷ്ണു എന്നിവരെക്കൂടി ഒപ്പം കൂട്ടി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് കൃഷിരീതികളും മറ്റും വിശദമായി പഠിച്ചു. ചെറുമുക്ക് പ്രവാസി നഗറിൽ വയലിനോട് ചേർന്ന 25 സെന്റ് ഭൂമിയിൽ വലിയ കുഴി നിർമ്മിച്ചു. അടിയിൽ ഷീറ്റിട്ട് മുകളിൽ ചാക്കിൽ മണ്ണ് നിറച്ച് ഇട്ടു. ആവശ്യമായ വെള്ളം തൊട്ടടുത്ത വയലിൽ മോട്ടോർ വച്ച് പമ്പ് ചെയ്യുകയായിരുന്നു. ഒരു ദിവസം മൂന്ന് കിലോ ഭക്ഷണമാണ് രാവിലെയും വൈകുന്നേരവുമായി നൽകിയത്.

വാള, തിലോപ്പി, കട്‌ല എന്നീ ഇനങ്ങളിൽപെട്ട മീനുകളാണ് ഇവർ വളർത്തിയത്. ഒരാഴ്ച മുമ്പ് രണ്ട് ക്വിന്റലോളം വിളവെടുത്തു. കിലോയ്ക്ക് 200 രൂപയ്ക്കാണ് വിറ്റത്. പാവപ്പെട്ടവർക്ക് ഇളവോടെയായിരുന്നു വിൽപ്പന.