നൂറാം പിറന്നാൾ ആഘോഷം ജൂൺ 1ന് തുടങ്ങും
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മലപ്പുറം: ആയുർവേദ ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ.വാരിയർ നൂറിന്റെ നിറവിലേക്ക്. ജൂൺ എട്ടിന് 100 വയസ് തികയും. ഇടവ മാസത്തിലെ കാർത്തിക നാളിലാണ് ജനനം,1921 ജൂൺ 8ന്.
കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷം മാറ്റിവച്ച് ശാസ്ത്ര, സാഹിത്യ, സാംസ്‌കാരിക പരിപാടികൾ ഓൺലൈനായി നടത്തും. 99ാം പിറന്നാളും പതിവുപോലെ അടുത്ത ബന്ധുക്കൾക്കൊപ്പം കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തിൽ ലളിതമായാണ് ആഘോഷിച്ചത്.
ശതപൂർണ്ണിമ എന്നു പേരിട്ട നൂറാം പിറന്നാളാഘോഷം ജൂൺ ഒന്നിന് രാത്രി ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജൂൺ മൂന്നിന് മൈസൂർ ജെ.എസ്.എസ് ആയുർവ്വേദ കോളേജുമായി സഹകരിച്ച് ശാസ്ത്ര സെമിനാർ ഓൺലൈനായി നടക്കും. ജൂൺ എട്ടിന് വൈദ്യരത്നം പി.എസ്. വാരിയർ ആയുർവ്വേദ കോളേജുമായി ചേർന്ന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി പ്രഭാഷണ പരമ്പര നടത്തും. കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് പുസ്തക പ്രകാശനം, സാംസ്‌കാരിക, സാഹിത്യ, കവി സമ്മേളനങ്ങൾ, ചിത്ര പ്രദർശനം, വാർഷിക ആയുർവ്വേദ സെമിനാർ, സൗഹൃദ കൂട്ടായ്മ തുടങ്ങിയവ ആസൂത്രണം ചെയ്യുന്നുണ്ട്.
1953ലാണ് പി.കെ.വാരിയർ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പദം ഏറ്റെടുത്തത്. ആയുർവേദത്തിന്റെ വളർച്ചയ്ക്ക് നിർണ്ണായക സംഭാവനകളേകിയ അദ്ദേഹത്തെ 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. കാലിക്കറ്റ് സർവകലാശാല ഡി ലിറ്റും സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യൻ ആയുർവേദ കോൺഗ്രസ് പ്രസിഡന്റ് അടക്കം ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച പി.കെ.വാരിയരെ തേടി വേറെ നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്.
ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയരുടെ മരുമകനാണ് പി.കെ.വാരിയർ. കവയിത്രി കൂടിയായിരുന്ന പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. സ്മൃതിപർവം എന്ന ആത്മകഥയ്ക്ക് 2007ലെ ചെറുകാട് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്നും കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.